കൊക്കോയ്ക്കും കാപ്പിക്കും കുരുമുളകിനുമൊക്കെ വില ഉയരുമ്പോള്‍ ജാതിക്കായുടെ വില ഇടിയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജാതിക്കായ്ക്ക് 100 രൂപയും ജാതിപത്രിക്ക് 300 രൂപയോളവുമാണ് വില ഇടിഞ്ഞത്. സാധാരണ പുതിയ സീസണ്‍ എത്തുന്നതിന് മുന്‍പ് ജാതിക്കയുടെ വില ഉയരുന്നതാണ്.ഇത്തവണ വില കൂടാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
ജാതികര്‍ഷകര്‍ക്ക് തിരിച്ചടി സമ്മാനിച്ച് ജാതിക്കായുടെ വില ഇടിയുന്നു.ഏറെ നാളുകള്‍ക്ക് ശേഷമാണ് ഏപ്രില്‍ മാസത്തില്‍ വില ഇത്തരത്തില്‍ കുറഞ്ഞതെന്ന് കര്‍ഷകര്‍ പറയുന്നു. മെയ് മുതലുള്ള മാസങ്ങളിലാണ് കേരളത്തില്‍ ജാതിക്കയുടെ പ്രധാന സീസണ്‍.
കഴിഞ്ഞ വര്‍ഷം ജാതിപത്രിക്ക് വിപണിയില്‍ കിലോയ്ക്ക് 1500 മുതല്‍ 2000 രൂപവരെയായിരുന്നു വില. ഇത് നിലവില്‍ 1300നും 1700നും ഇടയിലാണ്. ജാതിക്കായ്ക്ക് 230 മുതല്‍ 250 രൂപയാണ് നിലവില്‍ വില.
മുന്‍ വര്‍ഷം 360 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. കൂടുതല്‍ ചരക്ക് വിപണിയില്‍ എത്തിയതും ആവശ്യം കുറഞ്ഞതും വിലയിടിവിന് കാരണമായി. വിദേശ വിപണികളിലും ഇന്ത്യന്‍ ജാതിക്കയുടെ ആവശ്യം കുറഞ്ഞിട്ടുണ്ട്.
മറ്റ് വിപ ണികളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ജാതിക്ക എത്തിയത് ഇന്ത്യന്‍ വിപണിയെ ബാധിച്ചു. മരുന്ന്, കറിമസാലകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ്
ജാതിക്ക ഉപയോഗിക്കുന്നത്. കേരളമാണ് ജാതിക്ക ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. അതായത്, രാജ്യത്തെ മൊത്തം ഉത്പാദനത്തില്‍ 90 ശതമാനത്തിന് മുകളില്‍ കേരളത്തിന്റെ സംഭാവനയാണ്.
എന്നാല്‍ ഇത്തവണ ചൂടില്‍ ജാതി മരങ്ങള്‍ക്ക് ഉണക്ക് ബാധിച്ചത് വരും വര്‍ഷങ്ങളിലെ ഉത്പാദനത്തെ ബാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.സംസ്ഥാനത്ത് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് പ്രധാനമായും ജാതി കൃഷിചെയ്യുന്നത്.വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ജാതി കര്‍ഷകര്‍.