പത്തനാപുരം കടശ്ശേരി വനത്തിനുള്ളിൽ കാട്ടാന വെള്ളം കിട്ടാതെ ചരിഞ്ഞു. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പാഠം ഇരുട്ടുതറയിലാണ് യൂക്കാലി തോട്ടത്തിനിടയിലാണ് ആനയുടെ മൃതദേഹം കണ്ടത്.
കഴിഞ്ഞ ദിവസമാണ് ഏകദേശം 30 വയസ്സിനകത്ത് പ്രായം തോന്നിക്കുന്ന കൊമ്പനാന വനത്തിനുള്ളിൽ ചരിഞ്ഞതായി അധികൃതർ കണ്ടെത്തിയത്. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ യൂക്കാലി കോപ്പിസ് പ്ലാന്റേഷനുള്ളിലാണ് കൊമ്പനാനയുടെ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്മോർട്ടത്തിൽ പത്ത് ദിവസമായി വെള്ളം ആന കുടിച്ചിട്ടില്ല എന്നാണ് പ്രാഥമികമായി ബോധ്യപ്പെട്ടത്. മറ്റ് അസുഖങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
അമിത ചൂടിൽ വനത്തിനുള്ളിലെ അരുവികൾ വറ്റി വരണ്ട നിലയിലാണ്.വെള്ളം കുടിക്കാൻ കഴിയാഞ്ഞത് വഴി ആനയുടെ ആരോഗ്യം ക്ഷയിക്കുകയും, അരുവിയിലേക്ക് വെള്ളം തേടി പോകുന്നതിനിടെ വീഴുകയും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിൽ ഇവിടെക്കിടന്ന് ചരിഞ്ഞ താകമെന്നാണ് നിഗമനം.
ആന കിലോമീറ്ററുകൾ നടന്നിട്ടുണ്ടാകാമെന്നും ഡോക്ടർമാർ അറിയിച്ചു.പോസ്റ്റ്മോർട്ടത്തിനുശേഷം ആനയുടെ മൃതദേഹം വനത്തിനുള്ളിൽ മറവ് ചെയ്തു. ദക്ഷിണ മേഖല സിസിഎഫ് കമലഹാർ,
ഡിഎഫ് ഒ ജയശങ്കർ,പഞ്ചായത്തംഗം ആര്യ, റേഞ്ച് ഓഫീസർ ബാബുരാജ പ്രസാദ്, ഡോക്ടർമാരായ സിബി, ശോഭാ രാധാകൃഷ്ണൻ, മണി മോഹൻ എന്നിവരുടെ അടങ്ങുന്ന സംഘമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
Description