Share this Article
അരിക്കൊമ്പനെ കാടു കടത്തിയിട്ട് ഒരു വര്‍ഷം
It has been a year since Arikomban was taken to the forest

കാടും നാടും വിറപ്പിച്ചവന്‍. കാട്ടാനകളില്‍ അരിക്കൊമ്പനോളം പേരെടുത്തവന്‍ വേറെ ഉണ്ടാവില്ല. ഇടുക്കിയിൽ ചിന്നക്കനാലിന്റെയും ശാന്തന്‍പാറയുടേയും ഉറക്കം, വര്‍ഷങ്ങളോളം അപഹരിച്ച കാട്ടുകൊമ്പനെ കാടു കടത്തിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്

2023  ഏപ്രില്‍ 29നാണ് അരിക്കൊമ്പനെ മയക്ക് വെടി വെച്ച് പെരിയാര്‍ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയത്. ആനയിറങ്കലില്‍ മുങ്ങി നിവര്‍ന്ന്, തേയില ചെരുവകളെ കീഴടക്കി നാടും കാടും അടക്കി വാണിരുന്നവന്‍. ഇഷ്ട ഭക്ഷണമായ അരിയ്ക്കായി അടുക്കളകള്‍ ഇടിച്ച് നിരത്തിയവന്‍, പന്നിയാറിലെ റേഷന്‍ കടയിലെ നിത്യ സന്ദര്‍ശകന്‍.

മതികെട്ടാന്‍ ചോല ഇറങ്ങി വരുന്ന കാട്ടാനകള്‍ ഏറ്റവും ശക്തനും അപകടകാരിയുമായിരുന്നു അരിക്കൊമ്പന്‍. ഇവന്റെ അരി തേടിയുള്ള യാത്രയ്ക്കിടയില്‍ തകര്‍ന്ന വീടുകളും നഷ്ടമായ ജീവനുകളും നിരവധിയാണ്. ഇതോടെയാണ് ആനയെ പിടിച്ചു മാറ്റണമെന്നാവശ്യപെട്ട് നാട്ടുകാര്‍ തുടര്‍ സമരങ്ങള്‍ നടത്തിയത്. ഒടുവില്‍ മയക്ക് വെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചു.

ഏപ്രില്‍ ആദ്യവാരം മയക്ക് വെടി ഉതിര്‍ക്കാനായിരുന്നു തീരുമാനം. പക്ഷെ മൃഗ സ്‌നേഹികളുടെ കടന്ന് വരവും കോടതി ഇടപെടലും വിഷയം സങ്കീര്‍ണ്ണമാക്കി. അപകടകാരിയായ ഒരു വന്യമൃഗത്തെ കാടു കടത്തുന്നു എന്നതിനപ്പുറം അരിക്കൊമ്പന് ഒരു ഹീറോ പരിവേഷം ഉണ്ടായി. ഫാന്‍സ് അസോസിയേഷനുകള്‍ രൂപപെട്ടു.

ആനയെ പിടികൂടുന്നതിനെതിരെ കേരളമെങ്ങും പ്രതിഷേധം ഉയര്‍ന്നു.  ചിലപ്പൊഴൊക്കെ ഒരു ദൈവീക പരിവേഷം പോലും ചാര്‍ത്ത പെട്ടു. ഒടുവില്‍ ഒരുമാസത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് 2023 ഏപ്രില്‍ 29ന് ദൗത്യം പൂര്‍ത്തിയാക്കിയത്. സിമന്റ് പാലത്തേയ്ക്ക് നടന്നടുത്ത അരിക്കൊമ്പനെ മയക്ക് വെടിയില്‍ കുരുക്കി. 

പെരിയാര്‍ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയെങ്കിലും അവിടെയും അരിക്കൊമ്പന്‍ വെറുതെ  ഇരുന്നില്ല. മേഘമല ചുറ്റി തമിഴ്‌നാട്ടിലെ കമ്പത്തും സുരളിപെട്ടിയിലുമെല്ലാം കസര്‍ത്ത് കാട്ടി. ഒടുവില്‍ ഇവിടെ നിന്നും തമിഴ്‌നാട് വനം വകുപ്പ് പിടികൂടി തിരുനല്‍വേലി കോതയാര്‍ വന മേഖലയിലേയ്ക്ക് മാറ്റുകയായിരുന്നു

അരിക്കൊമ്പന്‍ പോയതോടെ ചിന്നക്കനാലിലെ കാട്ടാന ശല്യം പൂര്‍ണ്ണമായും അവസനിച്ചിട്ടില്ല. ചക്കക്കൊമ്പനും മൊട്ടവാലനും കാട്ടാന കൂട്ടങ്ങളും ഒക്കെ ജനവാസ മേഖലയില്‍  പതിവാണ്. പക്ഷെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് നേരിയ കുറവുണ്ട്.  ഇപ്പോള്‍ അരിക്കൊമ്പന്റെ പാതയില്‍, ചക്കക്കൊമ്പന്‍ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്

ഒരു ആനയെ കാടു കടത്തുക എന്നതല്ല ചിന്നക്കനാലുകാരുടെ ആവശ്യം. ശാശ്വതമായ പരിഹാരമാണ്. സമാധാനത്തോടെ  വീടിനുള്ളില്‍  അന്തി ഉറങ്ങാന്‍, കൃഷി ഇടങ്ങളില്‍ ജോലി ചെയ്യാന്‍, പേടി കൂടാതെ കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍, സാധിയ്ക്കണം..   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories