പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൂട്ട അവധി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഡിപ്പോയില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് കൂട്ട അവധി.
പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കൂട്ട അവധിയില്‍ പതിനഞ്ചോളം സര്‍വീസാണ് മുടങ്ങിയത്. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താനുള്ള കെഎസ്ആര്‍ടിസി വിജിലന്‍സ് പരിശോധനയ്ക്കിടെ രണ്ട് ഡ്രൈവര്‍മാര്‍ ജോലി സമയം മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ ആരംഭിച്ച പരിശോധനയില്‍ 2 പേരെ കസ്റ്റഡിയിലെടുത്തു എന്ന് അറിഞ്ഞതോടെയാണ് കൂട്ട അവധിയുണ്ടായത്. ഇതോടെ സര്‍വീസുകള്‍ പലതും മുടങ്ങി.കൊല്ലത്തെ കൊടുംചൂടില്‍ ട്രിപ്പ് മുടങ്ങിയതോടെ യാത്രക്കാര്‍ വലഞ്ഞു.
ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലം കൂടിയാണ് പത്തനാപുരം. മന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത ജീവനക്കാര്‍ക്കെതിരെയും കൂട്ട അവധിയെടുത്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ഗതാഗതമന്ത്രി അറിയിച്ചു. ട്രിപ്പ് മുടങ്ങിയതിന് പകരം സംവിധാനമൊരുക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.