Share this Article
image
കോഴിക്കോട് മലയോര മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
There is a severe shortage of drinking water in the Kozhikode hilly areas

കോഴിക്കോട് മലയോര മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം നിലച്ചു. കിണറുകളിലും പുഴകളിലും വെള്ളം വറ്റി.

മലയോര മേഖലയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. പുഴകളും കിണറുകളും അടക്കമുള്ള പല ജലസ്രോതസുകളും വറ്റി. ഇത് കുടിവെള്ള പദ്ധതികളെ വലിയ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. കുടിവെള്ള പദ്ധതികൾ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചത്.

പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും വെള്ളം വറ്റി തുടങ്ങിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ മാത്രമേ ഇത് തികയുന്നുള്ളൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

കൊടിയത്തൂർ പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. ഇതിന് തുടർന്ന് പുഴയിൽ അനധികൃതമായി നിർമ്മിച്ചിരുന്ന തടയണകൾ നാട്ടുകാരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി. ദേവസ്വംകാട് കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് പനമ്പിലാവ് പുഴയിലെ അനധികൃത തടയണകൾ പൊളിച്ചു മാറ്റിയത്.

കൃഷി ആവശ്യങ്ങൾക്കും ഫാമുകളിലേക്കുമുള്ള ജലം ഉപയോഗത്തിനായി പുഴകളിൽ കെട്ടിയ തടയണകളാണ് പൊളിച്ചു മാറ്റിയത്. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൃഷി ആവശ്യത്തിനും മറ്റും വലിയ പൈപ്പുകൾ ഉപയോഗിച്ച് പുഴകളിൽ നിന്നും ജലം എടുക്കരുതെന്ന് കാണിച്ച് കൊടിയത്തൂർ പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന ഊർങ്ങാട്ടിരി പഞ്ചായത്ത് ഉത്തരവ് ഇറക്കിയിരുന്നു. കൊടിയത്തൂർ പഞ്ചായത്തിലും ഇങ്ങനെ ഉത്തരവിറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

അനധികൃത തടയനകൾ പൊളിച്ചു നീക്കിയതോടെ പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ വേനൽ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി താഴാൻ സാധ്യതയുണ്ടെന്നും കുടിവെള്ളത്തിനായി എന്തുചെയ്യണമെന്നറിയില്ലെന്നും നാട്ടുകാർ പറയുന്നു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories