ഇടുക്കി മാങ്കുളത്ത് ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
മാങ്കുളം ആനക്കുളം ഇളംചിങ്ങത്ത് ഷാജി മാത്യുവിനെയാണ് പ്രതികള്‍ ഇവര്‍ വാക്കത്തിക്ക് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.അറസ്റ്റിലായവര്‍ ബൈക്ക് ഷാജിയുടെ ഓട്ടോറിക്ഷക്ക് കുറുകെ നിര്‍ത്തി തടഞ്ഞ ശേഷം വലിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.
അക്രമി സംഘത്തിലെ ജസ്റ്റിന്‍ വാക്കത്തികൊണ്ട് ഷാജിയുടെ തലയ്ക്ക് വെട്ടിയെന്നും ഈ സമയം ഷാജിയുടെ മകന്‍ തടഞ്ഞതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപെട്ടതെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.ഷാജിയുടെ മകന്റെ കൈവിരലിനും മുറിവേറ്റിട്ടുണ്ട്.
ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികത്സ തേടി.സംഭവ ശേഷം ജസ്റ്റിനും സനീഷും ഇന്നലെ തന്നെ പോലീസ് പിടിയിലായിരുന്നു. ദേവസ്യയെ ഇന്ന് പുലര്‍ച്ചെ പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു. അപകടകാരികളായ അക്രമികളെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴടക്കിയത്.
ഇവരില്‍ കൂടുതല്‍ അപകടകാരി ദേവസ്യ ആയിരുന്നെന്നാണ് സൂചന.ഇയാള്‍ തോര്‍ത്തില്‍ കല്ലുകെട്ടി തലയ്ക്കടിച്ച് എതിരാളിയെ പരിക്കേല്‍പ്പിക്കുന്നതില്‍ വിരുതനാണെന്നാണ് പോലീസ് പങ്കുവയ്ക്കുന്ന വിവരം. ഈ സംഭവത്തില്‍ പിടിയിലായവരില്‍ ദേവസ്യ ഒഴികെയുള്ളവര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആനക്കുളത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും ഇവര്‍ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരാണെന്നും പോലീസ് അറിയിച്ചു.
വിനോദസഞ്ചാരികളെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ഇന്നലത്തെ ആക്രമണത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ഷാജി ഇടപെട്ടിരുന്നു.ഇതാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.മൂന്നാര്‍ സിഐ രാജന്‍ കെ അരമന,എസ് ഐ സജി എം ജോസഫ്, എ എസ് ഐ നിഷാദ് സി കെ,സിപിഒ സഹീര്‍ ഹുസൈന്‍ എന്നിവര്‍ കേസന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും പങ്കാളികളായി.