കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയില്‍ ഗ്യാസ് സിലിൻഡർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറും ഉൾപ്പെടെയാണ് മരണപ്പെട്ടത്. സംഭവത്തിൽ ചരക്ക് ലോറി ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്തു .
തിങ്കളാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് നിന്നും കാസർകോട് ഭീമനടിയിലേക്ക് പോവുകയായിരുന്ന കാറും ലോറിയുംതമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭീമനടി കമ്മാടത്തെ ചൂരിക്കാടൻ സുധാകരൻ,ഭാര്യ അജിത, അജിതയുടെ പിതാവ് കൃഷ്ണൻ,ചെറുമകൻ ആകാശ് കാലിച്ചാനടുക്കത്തെ കെ.എൻ പത്മകുമാർ എന്നിവരാണ് മരിച്ചത്.
ചരക്കു ലോറി പിന്നിലിടിച്ചു നിയന്ത്രണം വിട്ട കാർ ഗ്യാസ് സിലിൻഡർ കയറ്റിയ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കെ എൽ 58 ഡി 6753 നമ്പർ സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.കുട്ടിയൊഴികെ നാലുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യാത്രാമധ്യേയാണ് മരിച്ചത്. പൂർണമായും ലോറിക്ക് അടിയില്‍പ്പെട്ട കാർ ഏറെ നേരത്ത ശ്രമഫലമായി വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് .
നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റു പോർട്ടം നടപടികള്‍ക്കായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ ചരക്ക് ലോറിയിൽ ഉണ്ടായിരുന്ന രണ്ടു ഡ്രൈവർമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു