ഹരിത വിഷയത്തിൽ അച്ചടക്ക നടപടി നേരിട്ട നേതാക്കൾക്ക് പുതിയ പദവി നൽകി മുസ്ലിം ലീഗ് നേതൃത്വം. ഫാത്തിമ തഹലീയയെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും നജ്മ തബ്ഷീറയെ ദേശീയ സെക്രട്ടറിയുമായി നിയമിച്ചു. മുഫീദ തസ്നി ദേശീയ വൈസ് പ്രസിഡൻ്റായി. ഇത് ആദ്യമായാണ് യൂത്ത് ലീഗിൽ വനിതകൾക്ക് ഭാരവാഹിത്വം നൽകുന്നത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ. നവാസിനെതിരെ പരാതി നൽകിയതിന്റെ പേരിലായിരുന്നു നേരത്തെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ആയിരുന്ന ഫാത്തിമ തഹലീയയെയും ഹരിത സംസ്ഥാന ഭാരവാഹികളായിരുന്ന നജ്മ തബ്ഷീറയെയും മുഫീദ തസ്നിയെയും ആ സ്ഥാനങ്ങളിൽനിന്ന് നീക്കിയിരുന്നത്.
കൂടാതെ ഇവരെ പിന്തുണച്ച് വാർത്താസമ്മേളനം നടത്തിയ ലത്തീഫ് തുറയൂരിനെതിരെയും അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ഇത് സംബന്ധിച്ച പാർട്ടി അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ ഹരിത നേതാക്കൾ നവാസിനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളിൽ നിന്നും പൂർണമായും വിട്ടു നിന്നിരുന്നു.
ഇത് തുടർന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇടപെട്ട് ഹരിതാ നേതാക്കൾക്കെതിരായ അച്ചടക്കനടപടി മരവിപ്പിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായാണ് ഹരിതാ നേതാക്കൾക്കും ലത്തീഫ് തുറയൂരിനും എതിരായ നടപടികൾ അവസാനിപ്പിച്ചത്.
അതിൻറെ തുടർച്ചയായാണ് ഹരിതാ നേതാക്കൾക്ക് ഇപ്പോൾ പാർട്ടി പദവി നൽകിയിരിക്കുന്നത്. ഫാത്തിമ തഹലീയയെ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയാക്കിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന നജ്മാ തബ്ഷീറയെ ദേശീയ സെക്രട്ടറിയും മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റുമാക്കി.
ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റുമാക്കി. എം എസ് എഫിലും മുസ്ലിം ലീഗിലും നേരത്തെ തന്നെ വനിതകൾക്ക് ഭാരവാഹിത്വം നൽകിയിരുന്നെന്നും അത് യൂത്ത് ലീഗിൽ കൂടി നടപ്പാക്കുകയാണ് ചെയ്തതെന്നും ഇതേക്കുറിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അതേസമയം മുൻ ഹരിത നേതാക്കൾക്ക് പാർട്ടിയിൽ ഉയർന്ന പദവി ലഭിക്കുമ്പോൾ എം എസ് എഫിനെ പി.കെ.നവാസ് വിഭാഗത്തിനേറ്റ തിരിച്ചടിയാണ് അതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. എന്നാൽ യൂത്ത് ലീഗിന് അകത്തും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി എന്നും വാദിക്കുന്നവരും ഉണ്ട്.