പൊലീസിന്റെ അടിയന്തിര ഇടപെടല്‍ മൂലം സന്നിധാനത്തെ തിരക്കിന് താല്‍ക്കാലിക നിയന്ത്രണമായി. ശരണപാതയിലെ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും പടികയറ്റം വേഗത്തിലാക്കിയുമാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
എരുമേലി വഴി കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അനുവദിച്ചിരുന്ന സ്‌പെഷ്യല്‍ പാസ് സംവിധാനം നിര്‍ത്തലാക്കിയും പതിനെട്ടാം പടി കയറ്റം വേഗത്തിലാക്കിയുമുള്ള നടപടികളാണ് തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി ബോര്‍ഡും പൊലീസും തിടുക്കത്തില്‍ നടപ്പിലാക്കിയത്.
കഴിഞ്ഞ രണ്ടുദിവസമായി ശബരിമലയില്‍ ക്യാമ്പ് ചെയ്യുന്ന എ.ഡി.ജി. പി യും ശബരിമല പോലീസ് ചീഫ് കോഡിനേറ്ററുമായ എസ്. ശ്രീജിത്തിന്റെ നിര്‍ദേശ പ്രകാരം 180 പൊലീസ് ട്രെയിനികളെ കൂടി സന്നിധാനത്ത് നിയോഗിച്ചു. ഇവരെ വലിയ നടപ്പന്തല്‍ മുതല്‍ മരക്കൂട്ടം വരെയുള്ള ഭാഗത്തെ തിരക്ക് നിയന്ത്രണത്തിനായി നിയോഗിക്കും.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വന്‍ തീര്‍ത്ഥാടക തിരക്ക് അനുഭവപ്പെട്ട ശരംകുത്തി മുതല്‍ വലിയ നടപ്പന്തല്‍ വരെയുള്ള ഭാഗത്ത് എഡിജിപി നേരിട്ട് തിരക്ക് നിയന്ത്രണത്തിന് നേതൃത്വം നല്‍കി. ശരംകുത്തി വഴി എത്തുന്ന തീര്‍ത്ഥാടകര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് വനത്തിലൂടെ കടന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി വലിയ നടപ്പന്തലില്‍ എത്തുന്നത് തടയാന്‍ ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിച്ചു.
സ്‌പെഷ്യല്‍ പാസ് സംവിധാനം നിര്‍ത്തലാക്കുകയും പതിനെട്ടാം പടി കയറ്റം വേഗത്തിലാവുകയും ചെയ്തതോടെ കഴിഞ്ഞ രണ്ട് ദിവസമായി സന്നിധാനത്ത് അനുഭവപ്പെട്ടിരുന്ന തിക്കിനും തിരക്കിനും നേരിയ ശമനം ഉണ്ടായിട്ടുണ്ട്.