ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധമില്ലെങ്കിലും ഇവിടെ യെത്തുന്ന ഭക്തർക്ക് ഏറെ പ്രിയമേറിയ ഒന്നാണ് വെടിവഴിപാട്.ദിവസേന ആയിരക്കണക്കിന് ഭക്തരാണ് ആഗ്രഹസാഫല്യത്തിനും ഉപകാരസ്മരണയ്ക്കു മായ് വെടിവഴിപാട് നേർച്ചയിൽ പങ്കാളികളാവുന്നത്.
മാളികപ്പുറം, ബെയ്ലി പാലം ,വലിയ നടപ്പന്തൽ ,ഫ്ലൈഓവർ എന്നിവിടങ്ങളിലാണ് സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് വെടിവഴിപാട് കഴിക്കാനുള്ള സൗകര്യമുള്ളത്. പണമടച്ച് മൈക്കിലൂടെ വിളിച്ചു പറഞ്ഞാൽ 600 മീറ്റർ അകലെ കൊപ്രക്കളത്തിന് സമീപം തയ്യാറാക്കിയ സ്ഥലത്ത് കതീനയ്ക്ക് തീ കൊളുത്തും. പൊട്ടിയോ ഇല്ലയോ എന്നറിയാൻ വഴിപാട് കൗണ്ടറിന് സമീപം വലിയ മോണിറ്ററും സ്ഥാപിച്ചിട്ടുണ്ട്.
കാര്യസാധ്യതയ്ക്കും, ഉപകാരസ്മരണയ്ക്കുമായാണ് ശബരിമലയിൽ എത്തുന്ന ഭക്തർ വെടിവഴിപാട് നടത്തുന്നതെന്ന് കഴിഞ്ഞ 25 വർഷമായി ഈ പ്രവർത്തി ഏറ്റെടുത്ത് നടത്തുന്ന തിരുവനന്തപുരം സ്വദേശി പവന സുധീർ പറഞ്ഞു.
തിരുനട തുറന്നിരിക്കുന്ന മുഴുവൻ സമയത്തും വെടിവഴിപാട് കൗണ്ടർ പ്രവർത്തിക്കും.നേരത്തെ കരിമലയിലും ശരംകുത്തിയിലും വെടിവഴിപാടിന് സൗകര്യം ഉണ്ടായിരുന്നു. വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന വനം വകുപ്പിൻ്റെ വാദത്തെത്തുടർന്ന് നിർത്തലാക്കുകയായിരുന്നു.
2023 ജനവരി 2ന് മാളികപ്പുറം ക്ഷേത്രത്തിന് സമീപം വെടിപ്പുരയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കാൻ ഇടയായ സാഹചര്യത്തിൽ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വെടിവഴിപാടി നായ് കരാർ നൽകിയത്.
ഈ സീസണിൽ 1 ലക്ഷത്തിലധികം പേർ വെടിവഴിപാട് കഴിച്ചിട്ടുണ്ട്. ഈ ഉത്സവ കാലത്ത് 1500 കിലോ വെടിമരുന്ന് ഉപയോഗിക്കാനാണ് എക്സ്പോഷർ കൺട്രോൾ ബോഡിൻ്റെ അനുമതി.