130 വര്‍ഷം കഠിന തടവ് ലഭിച്ച പോക്‌സോ കേസിലെ പ്രതിക്ക് മറ്റൊരു പോക്‌സോ കേസില്‍ 110 വര്‍ഷം കഠിന തടവും പിഴയും. തൃശൂര്‍ ഒരുമനയൂര്‍ സ്വദേശി സജീവനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത 11 വയസ്സുള്ള ആണ്‍കുട്ടിയെയും കൂട്ടുകാരനെയും സജീവൻ ഗൗരവകരമായ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടികള്‍ സംഭവം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചാവക്കാട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എസ്.ഐ. ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
തുടര്‍ന്ന് പ്രതിക്ക് 110 വര്‍ഷം കഠിന തടവും 7,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 31 മാസം കൂടി അധികതടവ് അനുഭവിക്കണം. കൂടാതെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടികള്‍ക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനും, പിഴ തുക കുട്ടികള്‍ക്ക് നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ കൂട്ടുകാരനെ ലൈംഗിക അതിക്രമം നടത്തിയതിലാണ് പ്രതിക്ക് 130 വര്‍ഷം കഠിനതടവും 8,75,000 രൂപ പിഴയും ചുമത്തിയത്.