ഐതീഹ്യങ്ങളും പാരമ്പര്യവും ഇഴചേരുന്ന അനുഷ്‌ഠാനകലയാണ് പുള്ളുവൻ പാട്ട്.ശബരിമലയിൽ മാളികപ്പുറം ക്ഷേത്രത്തിന് പിറക് വശത്തെ നാഗസ്ഥാനത്തെ ചിത്രകൂടത്തിന് സമീപത്താണ് സർവ്വ ദോഷ നിവൃത്തിക്കായി ഭക്തർ പുള്ളുവൻപാട്ട് നേർച്ച നടത്തുന്നത്.
സർപ്പാരാധന സങ്കൽപ്പത്തിൽപ്പെടുന്ന അനുഷഠാനകലയായ പുള്ളുവൻ പാട്ട് ഒരു പാരമ്പര്യകലാരൂപമാണ്. ദേശ വ്യത്യാസമനുസരിച്ച് സർപ്പപ്പാട്ട് , പുള്ളുവൻ പാട്ട് , നാഗപ്പാട്ട് എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഇത് അറിയപ്പെടുന്നു. സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തർ ഇതിന് വിശേഷാൽ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്.
മാളികപ്പുറത്തെ ചിത്രകൂടത്തിന് സമീപം പുള്ളുവൻ പാട്ട് അർപ്പിക്കുന്നതിലധികവും മലയാളികളാണ്. മണികണ്ഠന് ദോഷങ്ങൾ മാറുന്നതിനായി പന്തള രാജാവ് പുള്ളുവൻപാട്ട് സമർപ്പിച്ചു എന്നും ഐതിഹ്യമുണ്ട്. പുള്ളുവൻപാട്ട് അയ്യപ്പഭക്തരുടെ സർപ്പദോഷം, നാവ് ദോഷം കണ്ണ് ദോഷം ബാധാദോഷം തുടങ്ങിയവയെ ശമിപ്പിക്കുന്നു എന്നാണ് വിശ്വാസം.
പുള്ള് എന്ന പക്ഷിയിൽനിന്ന് ഉണ്ടാകുന്ന ദോഷം കുട്ടികളെ ബാധിക്കുമെന്നും പുള്ളുവർ വീണമീട്ടി പാടിയാൽ ഇതിന് ശമനമുണ്ടാകും എന്നുമുള്ള ഐതീഹ്യമാണ് ഇതിന് പുള്ളുവൻപാട്ട് എന്ന പേര് വരാൻ കാരണമെന്നും വിശ്വാസമുണ്ട്.നാരദ ശ്രീകൈലാസവീണ, ബ്രഹ്മകൈക്കുടം, വിഷ്ണുകൈത്താളം എന്നിവയാണ് ഈ അനുഷ്ഠാനകലയിൽ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ.
ത്രിമൂർത്തികളിൽ നിന്നാണ് ഈ സംഗീതോപകരണങ്ങൾ ഇവർക്ക് ലഭിച്ചതെന്നാണ് ഐതിഹ്യം.പ്ലാവ്, ആഞ്ഞിലി തുടങ്ങിയ വൃക്ഷങ്ങളുടെ തായ് വേരിൽ നിന്നാണ് പുള്ളുവർ വീണ നിർമിക്കുന്നത്. കളം വരയോടുകൂടിയും അനുഷ്ഠിക്കാറുണ്ട് . പുള്ളുവവംശത്തിൽ ഈ അനുഷ്ഠാനകല പാരമ്പര്യമായി കൈമാറിക്കിട്ടിയ ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നെത്തിയവരാണ് സന്നിധാനത്ത് പുള്ളുവൻ പാട്ട് പാടുന്നത്.