എറണാകുളം - അങ്കമാലി അതിരൂപതയിലെ സംഘര്‍ഷത്തിൽ 21 വൈദീകര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കിയതിനാണ് നടപടി. പൊലീസുകാരെ ആക്രമിച്ചതിന് 20 വൈദീകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ആക്രമണത്തിൽ ബിഷപ്പ് ഹൌസിന് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. അതേസമയം പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച വൈകീട്ട് ചേരും. സിറോ മലബാര്‍ സഭ മേജർ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍, അദേഹത്തിന്റെ ഒരു പ്രതിനിധി, സമരസമിതി അംഗങ്ങള്‍, വൈദീക സമിതി അംഗങ്ങള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ബിഷപ്പ് ഹൗസില്‍ ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്ന വൈദികരുടെ നിരാഹാരസമരത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കയ്യാങ്കളിയില്‍ എത്തിയത്. വൈദികരെ ബിഷപ്പ് ഹൗസില്‍ നിന്ന് പൊലീസ് പുറത്തേക്ക് മാറ്റിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.