കോഴിക്കോട് പെരുമണ്ണയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ആക്രിക്കട പൂർണമായും കത്തി നശിച്ചു. തൊട്ടടുത്ത പള്ളിയ്ക്കും, റേഷൻ കടയ്ക്കും തീ പിടിച്ചു. ഏഴ് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പുലർച്ചെ 2.30 ഓടെയാണ് കോഴിക്കോട് പെരുമണ്ണയിൽ ആക്രിക്കടയിൽ തീപിടുത്തം ഉണ്ടായത്. പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. തൊട്ടടുത്ത ബദർ ജുമാ മസ്ജിദിലേക്കും റേഷൻ കടയിലേക്കും തീ പടർന്നു. തീപിടിച്ചത് കണ്ട തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ഒരാൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടുന്നതിനിടെ വീണ് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീഞ്ചന്തയിൽ നിന്നും മൂന്നു യൂണിറ്റും, വെള്ളിമാടുകുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ നിന്നും രണ്ടു യൂണിറ്റ് വീതവും അഗ്നിരക്ഷാസേന എത്തിയാണ് മണിക്കൂറുകൾ പരിശ്രമിച്ച തീ അണച്ചത്. ജെ.സി.ബി ഉപയോഗിച്ച് ആക്രി സാധനങ്ങൾക്കിടയിൽ വെള്ളം ചീറ്റിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തുടക്കത്തിൽ നാട്ടുകാരും തീ അണക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാസേനയത്തിയാണ് മണിക്കൂറുകളോളം പരിശ്രമം നടത്തി തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.