ഇടുക്കി രാമക്കല്‍മേട്ടില്‍ മകനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി പിതാവ് രവീന്ദ്രന്‍ നായർ . രാത്രിയില്‍ മൊബൈലില്‍ പാട്ട് വെച്ചതിനാണ് രവീന്ദ്രന്‍ മകന്‍ ഗംഗാധരനെ മര്‍ദ്ദിച്ചത്.
രാത്രിയില്‍ മദ്യപിച്ചെത്തിയ മകനും അച്ഛനും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. പിന്നീട് രവീന്ദ്രനും ഭാര്യയും ഉറങ്ങാന്‍ പോയി. തുടര്‍ന്ന് ഭക്ഷണം കഴിച്ചശേഷം ഗംഗാധരന്‍ കിടപ്പുമുറിയില്‍ എത്തി കട്ടിലില്‍ കിടക്കുകയും മൊബൈല്‍ ഫോണില്‍ പാട്ട് വയ്ക്കുകയും ചെയ്തു. മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ പാട്ട് നിര്‍ത്താതെ ഉറങ്ങിപ്പോയി. രവീന്ദ്രന്‍ പലതവണ പാട്ട് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ല.
ഇതോടെ രവീന്ദ്രന്‍ ഗംഗാധരന്റെ മുറിയില്‍ എത്തി വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ നിലത്തുവീണ ഗംഗാധരന്‍ തലയില്‍നിന്നും രക്തം വാര്‍ന്നാണ് മരിച്ചത്. മകന്‍ ബോധം കെട്ടുവീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചത് രവീന്ദ്രന്‍ തന്നെയാണ്. മുറ്റത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പോയി മടങ്ങുമ്പോള്‍ മെറ്റലില്‍ തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് രവീന്ദ്രന്‍ നാട്ടുകാരോട് പറഞ്ഞത്.
എന്നാല്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയില്‍ വാഹനം ഓടിച്ച ഓട്ടോറിക്ഷ ഡ്രൈവറോടും ആശുപത്രിയിലെ ഒരു ഡോക്ടറോടും താന്‍ വടിയെടുത്ത് അടിച്ചിരുന്നതായി പറഞ്ഞതാണ് നിര്‍ണായകമായത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വടി കൊണ്ട് തലയുടെ വലതുഭാഗത്ത് ഏറ്റ ക്ഷതമാണ് മരണകാരണമെന്നും വ്യക്തമായി.
ഇതോടുകൂടി രവീന്ദ്രനെ കമ്പംമെട്ട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ