വാനര ശല്യത്താല്‍ പൊറുതിമുട്ടി ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡിലെ ഒരു പറ്റം കുടുംബങ്ങള്‍.അടിമാലിക്കും കൂമ്പന്‍പാറക്കും ഇടയില്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന് സമീപത്തുള്ള ഒരു പറ്റം കുടുംബങ്ങളാണ് വാനര ശല്യത്താല്‍ പ്രതിസന്ധിയിലായിട്ടുള്ളത്. കൂട്ടത്തോടെ ജനവാസ മേഖലയിലേക്കെത്തുന്ന വാനരന്‍മാര്‍ വീടുപോലും കൈയ്യടക്കുന്ന സ്ഥിതിയാണുള്ളത്.
അടിമാലിക്കും കൂമ്പന്‍പാറക്കും ഇടയില്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന് സമീപത്തുള്ള ഒരു പറ്റം കുടുംബങ്ങളാണ് വാനര ശല്യത്താല്‍ പൊറുതിമുട്ടി കഴിയുന്നത്.നേരം പുലരുന്നതോടെ കൂട്ടത്തോടെ വാനരന്‍മാര്‍ ജനവാസ മേഖലയിലേക്കെത്തും.കാപ്പി, കൊക്കോ,തെങ്ങ്, ജാതി, ഏലം തുടങ്ങി മൂപ്പെത്തിയതും മൂപ്പെത്താത്തതുമായ കൃഷിവിളകള്‍ ആകെ നശിപ്പിക്കും.
പ്ലാവിലും മാവിലുമെല്ലാം കായ്ഫലം ഉണ്ടായി തുടങ്ങിയതോടെ ശല്യമേറി.വാനര ശല്യം പറഞ്ഞറിയിക്കാനാകാത്ത വിധമെന്നും വലിയ പ്രതിസന്ധിയാണ് വാനരന്‍മാര്‍ തങ്ങള്‍ക്കുണ്ടാക്കുന്നതെന്നും കുടുംബങ്ങള്‍ പറയുന്നു.
രാവിലെ കൃഷിയിടങ്ങളില്‍ എത്തുന്ന വാനരപ്പട വൈകുന്നേരത്തോടെ മാത്രമെ മടങ്ങു.ആളുകളെ കണ്ട് കണ്ട് തെല്ലും ഭയമില്ലാതായി മാറിയതോടെ തുരത്താന്‍ ശ്രമിച്ചാലും രക്ഷയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.ചില സമയങ്ങളില്‍ വാനരന്‍മാര്‍ ആക്രമണ സ്വഭാവവും പുറത്തെടുക്കുന്നു.വാനര ശല്യം മൂലം കൃഷി മുമ്പോട്ട് കൊണ്ടുപോകുക ഇവിടെ അസാധ്യമായി കഴിഞ്ഞു.
വലിയ നഷ്ടമാണ് ദിവസവും വാനരപ്പട ഉണ്ടാക്കുന്നത്. വീടുകള്‍ക്ക് മുകളിലൂടെയും മറ്റും കൂട്ടത്തോടെ കയറി ഇറങ്ങുന്ന വാനരന്‍മാര്‍ വീട് തന്നെ കൈയ്യടക്കുന്ന സ്ഥിതിയാണുള്ളത്.കൃഷിയിടങ്ങളില്‍ നിന്നും വീട്ട് പരിസരത്ത് നിന്നും വാനരന്‍മാരെ എങ്ങനെ തുരത്തുമെന്നറിയാതെ വലയുകയാണ് പ്രദേശവാസികള്‍.