ചീര കൃഷിയിൽ പുത്തന്‍ പരീക്ഷണങ്ങളുടെ പണിപ്പുരയിലാണ് ഗുരുവായൂര്‍ സ്വദേശി സുജാത സുകുമാരന്‍. ചീരയില്‍ നിന്ന് കണ്ടെത്തിയ ശീതള പാനീയം വിജയകരമായതിനെ തുടര്‍ന്ന് കാലിത്തീറ്റയും നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് സുജാത.
20 വര്‍ഷത്തോളമായി ജൈവകൃഷിയിലൂടെ ശ്രദ്ധേയയായ സുജാത മൂന്നുവര്‍ഷം മുമ്പാണ് ശീതള പാനീയ ഉല്‍പ്പാദന രംഗത്തേക്ക് കടന്നത്. വിറ്റാമിനുകളുടെ കലവറയായ ചീരയുടെ ഗുണം കുട്ടികളില്‍ എത്തണമെന്ന ഉദ്ദേശത്തോടെയാണ് പുതിയ രീതി പരീക്ഷിച്ചത്.
ചീര കഴുകിയെടുത്ത് അരിയുമ്പോഴുണ്ടാകുന്ന രക്തവര്‍ണ്ണ പാനീയം ശേഖരിച്ച് അല്പം തേനും ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കിയതോടെ സംഭവം ക്ലിക്കായി.പിന്നെ വീട്ടില്‍ വിരുന്നെത്തുന്നവര്‍ക്കും ഇത് നല്‍കി തുടങ്ങി. ഇഞ്ചിയും ചെറുനാരങ്ങയും മധുരവും കൂട്ടി സംഭവം കളറാക്കി. ഇത് കുടിച്ച കൃഷിവകുപ്പ് ഉദ്യോഗസ്ഥരാണ് വിപണിയിലിറക്കാന്‍ നിര്‍ദ്ദേശിച്ചത്.ഇപ്പോള്‍ നഗരസഭയുടെ ആഴ്ചച്ചന്തയിലും വിവിധ പ്രദര്‍ശന മേളകളിലും സുജാതയുടെ ശീതള പാനീയം ഹിറ്റാണ്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക പിന്തുണയോടെ വിപണി വിപുലീകരിക്കാനാണ് ഇവരുടെ ശ്രമം. ഇതിനായി മെഷിനറികള്‍ വാങ്ങിക്കണം. പാനീയം തയ്യാറാക്കി കഴിഞ്ഞതിനുശേഷമുള്ള ചീരയുടെ അവശിഷ്ടം കന്നുകാലികള്‍ക്ക് നല്‍കാറാണ് പതിവ്. അങ്ങനെയെങ്കില്‍ ഇത് കാലിത്തീറ്റ നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്നും കണ്ടെത്തി .
മെഷിനറികള്‍ ഉപയോഗിച്ച് ചീരചണ്ടി പെല്ലറ്റ് ആക്കി മാറ്റാനുള്ള ഒരുക്കത്തിലാണിവര്‍. കാര്‍ഷിക രംഗത്ത് പുത്തന്‍ ഉണര്‍ന്ന ഇവരുടെ പരീക്ഷണങ്ങള്‍ക്ക് കട്ട സപ്പോര്‍ട്ടായി കൃഷി വകുപ്പും നഗരസഭയും കുടുംബശ്രീയും കൂടെയുണ്ട്. പാട്ടത്തിനെടുത്ത ഒരേക്കറോളം വരുന്ന സ്ഥലത്ത് പത്ത് ഇനത്തിലധികം ചീരകളാണ് സുജാത കൃഷി ചെയ്യുന്നത്.അതില്‍ കൂടുതലും ശീതള പാനീയത്തിനുള്ള വ്ലാളത്താങ്കര ചീരയാണ്.
പദ്ധതിയുടെ ഉദ്ഘാടനം മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറാണ് നിര്‍വഹിച്ചത്. ശീതള പാനീയ പദ്ധതി കൂടുതല്‍ വികസിപ്പിച്ചതോടെ കേരളത്തിന്റെ പല മേഖലകളില്‍ നിന്നും ആവശ്യക്കാര്‍ എത്തുന്നുണ്ട്.