ആലപ്പുഴ കുട്ടനാട്ടിലും ചങ്ങനാശ്ശേരിയിലുമെല്ലാം കാഴ്ചയുടെ വിരുന്നൊരുക്കി പോളപ്പൂക്കള്‍ പൂത്തിരിക്കുകയാണ്. ചങ്ങനാശ്ശേരി ബോട്ട് ജെട്ടിക്ക് സമീപമാണ് ആരുടെയും മനംമയക്കും വിധം പോളകള്‍ കൂട്ടത്തോടെ പൂത്തുനില്‍ക്കുന്നത്.
ചങ്ങനാശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം ജലാശയത്തില്‍ പോളപ്പൂക്കള്‍ നിറഞ്ഞതോടെ ഫോട്ടോയെടുക്കാനും റീല്‍സുകള്‍ ചിത്രീകരിക്കാനും ആളുകളുടെ തിരക്കാണ്. മനോഹരമായ പൂക്കള്‍ തടാകം ആകെ തിങ്ങിനിറഞ്ഞിരിക്കുന്ന കാഴ്ച ആരെയും ആകര്‍ഷിക്കും. ഇവിടെയെത്തുന്ന ചെറുപ്പക്കാര്‍ പലതരത്തില്‍ വീഡിയോകള്‍ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
പോള പൂക്കുന്നത് കുട്ടനാട്ടുകാര്‍ക്ക് പതിവു കാഴ്ചയാണ്. കര്‍ഷകര്‍ക്ക് ആകട്ടെ ഇത് അത്ര ആസ്വാദ്യകരവും അല്ല. പാടങ്ങളിലും ജലാശയങ്ങളിലും ഇവ തിങ്ങി നിറയുന്നതോടെ കൃഷിക്കായി വലിയ തുക ചെലവഴിക്കേണ്ടി വരും എന്നതാണ് കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളി. എത്ര വാരി മാറ്റിയാലും വീണ്ടും ഓരോ വര്‍ഷവും പോള തിങ്ങി നിറയുന്നതോടെ ജലഗതാഗതത്തെയും ഇത് സാരമായി ബാധിക്കാറുണ്ട്.
മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നത് പോലെയാണ് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലും കാര്യങ്ങളിപ്പോള്‍. ആമ്പലും പോളയും പൂത്താല്‍ കാണാന്‍ നല്ല ചന്തമാണെങ്കിലും, കൃഷിയെയും ജലഗതാഗതത്തെയും ബാധിക്കും എന്നതിനാല്‍ സുന്ദര വില്ലന്മാര്‍ എന്നാണ് കുട്ടനാട്ടുകാര്‍ ഇവയെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്.