Share this Article
കൊച്ചി ജെയിന്‍ കല്‍പ്പിതസര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025'ന് തുടക്കം
 Summit of Future 2025

കൊച്ചി ജെയിന്‍ കല്‍പ്പിത സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025'ന് തുടക്കം. വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത ശേഷം ദാവോസില്‍ നിന്ന് മടങ്ങിയെത്തിയ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജെയിന്‍ കല്‍പ്പിത സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു ഉച്ചകോടി സംഘടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സമാനമായ നിരവധി ഉച്ചകോടികളുടെ വേദിയായി മാറാന്‍ കേരളത്തിനു കഴിയുന്നു എന്നതില്‍ അഭിമാനമുണ്ട്.  ഇന്റര്‍നെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്.

ബാങ്കിങ് ഡിജിറ്റലൈസ് ചെയ്ത ഏക സംസ്ഥാനവും കേരളമാണ്. വ്യവസായ സ്ഥാപനങ്ങളുടെ ഇന്‍ഡെക്‌സില്‍ കേരളം ഒന്നാമതാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിനെതിരെ ഇത്രയധികം നുണകള്‍ പ്രചരിപ്പിക്കപ്പെടുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പി രാജീവ് ചോദിച്ചു.

'കേരളത്തിലെ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജെയിന്‍ സര്‍വ്വകലാശാല കേരളത്തില്‍ വന്നിരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്ന് ജെയിന്‍ സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ ഡോ ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. 

കേരളത്തില്‍ നിന്നും വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത് സങ്കടകരമായ കാര്യമാണ്. എന്നാല്‍ ഇത്തരമൊരു ഉച്ചകോടിയിലൂടെ അവരെ കേരളത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയും എന്നതില്‍ സന്തോഷമുണ്ടെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു.

'ഓട്ടോ ഓടിക്കുന്നവര്‍ മുതല്‍ തെങ്ങ് കയറുന്നവര്‍ക്കു വരെ ഈ ഉച്ചകോടി ഉപകരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടന്ന് ജെയിന്‍ സര്‍വകലാശാല ന്യൂ ഇനിഷേറ്റീവ് ഡയറക്ടര്‍ ഡോ ടോം എം ജോസഫ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രാജ് സിംഗ്, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ശാലിനി മേടപ്പള്ളി, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, പ്രൊ വൈസ് ചാന്‍സലര്‍ ജെ ലത എന്നിവര്‍ സംസാരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എ  ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി സമ്മേളനത്തെ അഭിസംബോധന ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories