നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ ക്യാൻസർ സേവ് കേരള പദ്ധതിക്ക് തുടക്കം ആകുന്നു. പദ്ധതിയുടെ ഭാഗമായിട്ടുള്ള ആദ്യ മെഗാ ക്യാമ്പ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള നിംസ് മൈക്രോ ഹോസ്പിറ്റലിൽ ഈ മാസം 15ന് നടക്കും.
നിംസ് മെഡിസിറ്റിക്ക് പുറമേ സ്വസ്തി ഫൗണ്ടേഷൻ, സിറ്റിസൺ ഇന്ത്യ ഫൗണ്ടേഷൻ എന്നിവരാണ് ക്യാമ്പിന്റെ മുഖ്യ സംഘടകർ. സർക്കാരുമായും വിവിധ സംഘടനകളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ക്യാൻസർ അവബോധം സൃഷ്ടിക്കുകയും ഒപ്പം നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രമുഖ ക്യാൻസർ വിദഗ്ധനും സ്വസ്തി ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗവുമായ ഡോ എംവി പിള്ള പറഞ്ഞു.
ജീവിത ശൈലിയിൽ മാറ്റം വരുത്തി രോഗത്തിൽ നിന്ന് മുക്തരാക്കാനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതായി ജനറൽ സെക്രട്ടറി എബി ജോർജ് അറിയിച്ചു.പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.
ആദ്യഘട്ടത്തിൽ പാറശാല മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിൽ നിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ പരിശോധന ക്യാമ്പുകളും ബോധവൽക്കര പരിപാടികളും നടത്തുമെന്നും മാനേജിങ് ഡയറക്‌ടർ എം എസ് ഫൈസൽ ഖാൻ അറിയിച്ചു.