Share this Article
Union Budget
സമസ്തയുമായുള്ള തർക്കം പരിഹരിക്കാൻ സാദിഖലി തങ്ങൾ രംഗത്ത്: നേതൃത്വവുമായി ആശയവിനിമയം നടത്തി
Samastha Dispute Resolution

മുസ്‌ലിം പണ്ഡിതസംഘടനയായ സമസ്തയുമായുള്ള തർക്കം പരിഹരിക്കാൻ നീക്കം തുടങ്ങി മുസ്‌ലിം ലീഗ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമസ്ത നേതാക്കളുമായി ആശയവിനിമയം നടത്തി. മുതിർന്ന അംഗം മുസ്തഫൽ ഫൈസിയെ മുശാവറയിൽ നിന്നും സമസ്ത സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഉടലെടുത്ത തർക്കം പരിഹരിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ഇടപെടൽ.


നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചുള്ള  പ്രസംഗത്തിന്റെ പേരിൽ മുതിർന്ന മുശാവറ അംഗമായിരുന്ന മുസ്തഫൽ ഫൈസിയെ സമസ്ത സസ്പെൻഡ് ചെയ്തതിൽ സംഘടനയ്ക്ക് അകത്തെ ലീഗ് അനുകൂലികൾക്ക് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.


എന്നാൽ, സമസ്തയ്ക്ക് സ്വത്വം വേണമെന്ന നിലപാടുള്ള നിഷ്പക്ഷർ പോലും ഇക്കാര്യത്തിൽ ലീഗ് വിരുദ്ധർക്കൊപ്പം നിലയുറപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതോടെയാണ് ഇപ്പോഴത്തെ തർക്കം ഗുണകരമാവില്ലെന്ന വിലയിരുത്തൽ ലീഗ് നേതൃത്വത്തിന് ഉണ്ടായത്.


മുസ്തഫൽ ഫൈസിക്കെതിരായ നടപടിയിൽ പ്രതിഷേധം വേണമെന്ന് ആവശ്യപ്പെട്ട ലീഗ് അനുകൂലികളോട് സംയമനത്തിന്റെ പാത സ്വീകരിക്കണമെന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടത്. പിന്നാലെ സാദിഖലി തങ്ങൾ തന്നെ തർക്കം പരിഹരിക്കാൻ ഇടപെടുകയായിരുന്നു. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ അടക്കമുള്ള നേതാക്കളുമായി സാദിഖലി തങ്ങൾ ആശയവിനിമയം നടത്തി.


കഴിഞ്ഞദിവസം ചേർന്ന സമസ്ത പൊതു വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ സാദിഖലി തങ്ങൾ ഉമ്മർ ഫൈസി മുക്കവുമായി കൂടിക്കാഴ്ചയും നടത്തി. തർക്കം പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന നിലപാടാണ് സാദിഖലി തങ്ങൾ അറിയിച്ചത്.


സമസ്ത നൂറാം വാർഷിക വേളയിൽ അനൈക്യം പാടില്ലെന്നാണ് സമസ്ത- ലീഗ് ഉന്നത നേതൃത്വങ്ങൾ വ്യക്തമാക്കുന്നത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതും സമസ്തയുമായി ഐക്യത്തിൽ പോകാൻ ലീഗിനെ പ്രേരിപ്പിക്കുന്ന മറ്റു ഘടകങ്ങളാണ്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories