Share this Article
Union Budget
സമസ്ത നൂറാം വാർഷികത്തിൽ കേരള യാത്ര പ്രഖ്യാപിച്ച് കാന്തപുരം
Kanthapuram aboobacker muslyar

വീണ്ടും കേരള യാത്ര പ്രഖ്യാപിച്ച് സുന്നി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. 2025 നവംബർ, ഡിസംബർ മാസങ്ങളിലായാണ് കേരളയാത്ര നടത്തുക. കോഴിക്കോട് കടപ്പുറത്ത് കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനത്തിലായിരുന്നു കാന്തപുരം യാത്ര പ്രഖ്യാപിച്ചത്.

കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ഉള്ള സമസ്ത കേരള യാത്രയ്ക്ക് ഒരുങ്ങുന്നത്. 2025 നവംബർ, ഡിസംബർ മാസങ്ങളിലായാണ് യാത്ര. 

നേരത്തെ 2012 ഏപ്രിൽ 12 മുതൽ 28 വരെ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ കേരളയാത്ര നടത്തിയിരുന്നു. അന്ന് 60 സ്വീകരണ കേന്ദ്രങ്ങളിലായി 15 ലക്ഷത്തോളം പേർ പങ്കെടുത്തതായി സംഘാടകർ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തിരുന്നത്. 

അന്നത്തെ കേരളയാത്ര വിജയകരമായി പൂർത്തീകരിച്ച് 13 വർഷങ്ങൾക്കുശേഷമാണ് മറ്റൊരു കേരളയാത്ര കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചത്. കൂടാതെ കേരള മുസ്‌ലിം ജമാഅത്ത് നടപ്പിലാക്കുന്ന 100 വീടുകളുടെ നിർമ്മാണ പദ്ധതി, ഹോസ്റ്റൽ നിർമ്മാണം, 1000  രക്തജന്യ രോഗികൾക്കുള്ള സാമ്പത്തിക സഹായം, സാന്ത്വന കേന്ദ്രങ്ങൾ, ലഹരിമുക്ത കേരളം പദ്ധതി, 10,000 മാതൃകാ ഗ്രാമങ്ങൾ തുടങ്ങിയവയുടെ പ്രഖ്യാപനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. 

കേരള മുസ്‌ലിം ജമാഅത്ത് പ്രഖ്യാപന സമ്മേളനം സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. എ.പി.വിഭാഗം സമസ്ത പ്രസിഡൻ്റ് ഇ.സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തുടങ്ങിയവർ സംബന്ധിച്ചു. വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15,000 പ്രതിനിധികളാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന സമ്മേളനത്തിൽ സംബന്ധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories