ശബരിമലയില്‍ ഫ്‌ളൈ ഓവര്‍ ഒഴിവാക്കി തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് ദര്‍ശനം നല്‍കാനുള്ള നടപടിയുമായി ദേവസ്വം ബോര്‍ഡ്. ഇതോടെ തീര്‍ത്ഥാടകര്‍ക്ക് എല്ലാവര്‍ക്കും സുഖ ദര്‍ശനം നടത്താനാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍. മീനമാസപൂജയ്ക്ക് നടതുറക്കുന്ന മാര്‍ച്ച് 14 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
ശബരീശ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാവര്‍ക്കും സുഖ ദര്‍ശനം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി ദേവസ്വം ബോര്‍ഡ് നടപ്പിലാക്കുന്നത്. പതിനെട്ടാം പടികയറി ഇടത്തേക്കുതിരിഞ്ഞ് ഫ്‌ളൈ ഓവറില്‍ ക്യൂനിന്ന് സോപാനത്തെത്തുന്ന സംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്.
കൊടിമരത്തിന്റെ ഇരുവശത്തുംകൂടി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കല്‍പ്പുരവഴി മുന്നോട്ടുപോകാവുന്ന രീതിയാണ് നടപ്പാക്കുന്നത്. ചുരുങ്ങിയത് 30 സെക്കന്‍ഡോളം അയ്യപ്പനെ വണങ്ങാം. ഫ്‌ളൈ ഓവര്‍ വഴി സോപാനത്ത് എത്തുമ്പോള്‍ രണ്ടോ മൂന്നോ സെക്കന്‍ഡ് മാത്രം ദര്‍ശനംകിട്ടുന്ന രീതി ഇതോടെ മാറും.
പോലീസുകാര്‍ അതിവേഗം പിടിച്ചുമാറ്റുന്നതും ഒപ്പം നടയ്ക്ക് മുന്നില്‍ പോലീസും തീര്‍ത്ഥാടകരും തമ്മിലുള്ള വാക്കേറ്റങ്ങളും ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് ഉദ്യോസ്ഥര്‍ വ്യക്തമാക്കി.
രണ്ടുവരികളെയും വേര്‍തിരിക്കാന്‍ നീളത്തില്‍ കാണിക്കവഞ്ചി സ്ഥാപിക്കും. ഇടതുഭാഗത്തുകൂടി വരുന്നവര്‍ അല്പം ഉയര്‍ന്ന പ്ലാറ്റ്‌ഫോമിലേക്കാണെത്തുന്നത്. ഇടത്തേക്കു തിരിയുമ്പോള്‍ അയ്യപ്പദര്‍ശനം കഴിയും. വലതുവരിയിലൂടെ വരുന്നവര്‍ തറനിരപ്പില്‍ത്തന്നെയുള്ള ഭാഗത്ത് എത്തി ഇടത്തേക്ക് തിരിഞ്ഞുപോകും. രണ്ടുവരികളിലുമുള്ളവര്‍ തമ്മില്‍ കൂടിക്കലര്‍ന്ന് തിരക്കുണ്ടാവുകയുമില്ല.
ക്ഷേത്രത്തിന്റെ താന്ത്രികഘടനയിലോ കണക്കുകളിലോ മാറ്റമില്ലാത്തിനാല്‍ തന്ത്രിയുടെ അനുജ്ഞ പുതിയ സംവിധാനത്തിനുണ്ട്. നിലവില്‍ ശ്രീകോവിലിനു മുന്നിലൂടെ മൂന്നുവരിയായാണ് ഭക്തരെ കടത്തിവിടുന്നത്. നടയിലെ തിക്കും തിരക്കും പരാതികള്‍ക്കിടയാക്കിയിരുന്നു.
പുതിയസംവിധാനത്തിന് ഹൈക്കോടതിയുടെ അനുമതിവാങ്ങിയിട്ടുണ്ട്. തീര്‍ത്ഥാടന കാലത്ത് അടിയന്തര ഘട്ടങ്ങള്‍ ഉണ്ടായാല്‍ ഫ്‌ളൈ ഓവര്‍ സംവിധാനം ഉപയോഗപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.