പോട്ട ബാങ്ക് കവർച്ചാ കേസിൽ പ്രതിയെ കുറിച്ച് തുമ്പൊന്നും കിട്ടാതെ പൊലീസ്. കവർച്ച നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് യാതൊരുവിധ സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല. ജീവനക്കാരെ ബന്ദിയാക്കി 15 ലക്ഷം രൂപ കവർന്നശേഷം പ്രതി രക്ഷപെട്ടത് തൃശൂര്‍ ഭാഗത്തേയ്ക്കെന്നാണ് പോലീസിന്റെ ഒടുവിലത്തെ കണ്ടെത്തൽ. പ്രതി സംസ്ഥാനം വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
അന്വേഷണം വഴിതെറ്റിക്കുന്നതിന് വേണ്ടി മോഷണശേഷം പ്രതി ആദ്യം എറണാകുളം സഞ്ചരിച്ചു. പിന്നീട് തൃശ്ശൂർ ഭാഗത്തേക്ക് കടന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതോടെ അന്വേഷണം പാലക്കാട്, മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
അതേസമയം പ്രതി സംസ്ഥാന വിടുന്നതിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതിനിടെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ യോഗം ചേര്‍ന്നു. എന്നാൽ കാര്യമായ സൂചനകൾ ഇല്ലാത്തത് അന്വേഷണത്തിൽ വെല്ലുവിളിയാകുന്നുണ്ട്.
വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമാകുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. ബാങ്ക് ജീവനക്കാരുടെ ഫോൺ കോൾ വിവരങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. കവർച്ചയുടെ പശ്ചാത്തലത്തിൽ അധികൃതർ ബാങ്കിനു മുന്നിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചു.