Share this Article
Union Budget
ഡിജിറ്റല്‍ അറസ്റ്റിലൂടെ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ
kerala police

പൊലീസും കേന്ദ്ര സംസ്ഥാന സർക്കാരുകളും ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുകൾ നല്കിയിട്ടും തട്ടിപ്പുകൾ നിർബാധം തുടരുന്നു. ഡിജിറ്റല്‍ അറസ്റ്റിലൂടെ തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്വദേശിക്ക് നഷ്ടമായത് രണ്ട് കോടിയോളം രൂപ. പത്തംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്. 

പേര് വെളിപ്പെടുത്താന്‍ കൂട്ടാക്കാത്ത തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്വദേശിയായ 52 കാരന്‍ കഴിഞ്ഞ ജനുവരി 14ന് രാവിലെയാണ് സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍പ്പെട്ടത്. 

ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നെന്ന പേരില്‍ ഫോണില്‍ വിളിച്ച ഒന്നാംപ്രതി, പരാതിക്കാരന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തുടര്‍നടപടികള്‍ക്കായി കോള്‍ സിബിഐ ഇന്‍സ്‌പെക്ടര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയാണെന്നും നിര്‍ദ്ദേശം നല്‍കി. 

പിന്നാലെ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തി മൂന്നാം പ്രതി വാട്‌സ്ആപ്പ് വീഡിയോ കോള്‍ ചെയ്തു. ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും വിവിധ ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടു. 

പിന്നാലെ തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ എന്ന പേരില്‍ പ്രതികള്‍ നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ ജനുവരി 14നും 22 നും ഇടയില്‍ ഒരുകോടി 84 ലക്ഷത്തിപതിനയ്യായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്ന് രൂപ പ്രതികള്‍ കൈപ്പറ്റുകയായിരുന്നു. 

കബളിപ്പിക്കപ്പെട്ട വിവരം ഏറെ വൈകി തിരിച്ചറിഞ്ഞ 52 കാരന്‍  കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസിന് പരാതി നല്‍കിയത്. ബിഎന്‍എസ് 318,319, ഐടി നിയമത്തിലെ 66ഡി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്  തട്ടിപ്പ് സംഘത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പണം കൈമാറിയിരിക്കുന്ന പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും, തട്ടിപ്പിനായി ഫോണിലും വാട്‌സാപ്പിലും ബന്ധപ്പെട്ട വിവിധ മൊബൈല്‍ നമ്പറുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് സൈബര്‍ പോലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories