പത്തനംതിട്ട പെരുനാട്ടിലെ സിഐടിയു പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഖിൽ, ശാരോൺ, ആരോമൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ഞായറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിന് കുത്തേറ്റത്. ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ട ജിതിനൊപ്പമുണ്ടായിരുന്ന അനന്തുവിനെ പ്രതികൾ ആക്രമിച്ച സമയം തടസം നിൽക്കാനെത്തിയപ്പോഴാണ് ജിതിനെയും ആക്രമിച്ചതെന്നാണ് പോലിസ് പറയുന്നത്. കേസിൽ എട്ടു പ്രതികളാണ് ഉള്ളത്. നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ.
പ്രധാന പ്രതിക്കായി അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലെടുത്തവരുടെ രാഷ്ട്രീയ പശ്ചാത്തലം പോലീസ് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ കൊലപാതകമാണോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേ സമയം കൊലയ്ക്ക് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു.
ജിതിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും ശേഷം ഉച്ചയോടെ മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയി'ലെ മോർച്ചറിൽ സൂക്ഷിക്കും വിദേശത്തുള്ള അമ്മയും സഹോദരിയും എത്തിയ ശേഷം സംസ്കാരം നടക്കും.