എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിലേക്ക്. ദുരിതബാധിത പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്. അധികാരികളിൽ നിന്നും ലഭിച്ച ഉറപ്പ് ലംഘിക്കപ്പെട്ടതായി ദുരിതബാധിതർ ആരോപിക്കുന്നു.
2017 ഏപ്രിൽ മാസത്തിൽ നടത്തിയ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും വിദഗ്ധ ഡോക്ടർമാർ 1905 ദുരിതബാധിതരെ കണ്ടെത്തിയെങ്കിലും പിന്നീടത് 287 ആയി ചുരുക്കുകയായിരുന്നു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്ന് 587 പേരെ കൂടി പട്ടികയിൽ പെടുത്തി.
അതേ ലിസ്റ്റിൽ ഉൾപ്പെട്ട 1031 പേരെ തിരിച്ചെടുക്കണമെന്ന ആവശ്യം നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചത്.
പട്ടികയിൽ ഉൾപ്പെട്ടവരുടെ സൗജന്യ മരുന്നു വിതരണം തുടരുക,മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ചെയ്യുക. എൻഡോസൾഫാൻ ദുരിതബാധിതർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, മുഖ്യമന്ത്രി ഉറപ്പുനൽകിയ വാഗ്ദാനങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 27ന് കാസർകോട് കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും.