തൃശൂർ മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിൽ വൻ തീപിടുത്തം.. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക നിഗമനം.
വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിൽ ആണ് തീ പിടുത്തം ഉണ്ടായത്. പുലർച്ചെ 3:30 ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. കുന്ദംകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായി 8 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കാൻ ശ്രമം ആരംഭിച്ചു..
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ 8:45 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി സമയമായതിനാൽ ആളപായം ഒഴിവായി. സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു. സമീപത്തെ റബർ എസ്റ്റേറ്റിലേക്കും തീ പടർന്നു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.