തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ റെയിലിന്റെ കഷണം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി 41 വയസ്സുള്ള ഹാരി ആണ് തൃശൂർ റെയിൽവേ പോലീസിന്റെ പിടിയിലായത്.. റെയിൽ കഷണം ട്രാക്കിൽ കൊണ്ടിട്ടത് ട്രെയിൻ കയറിപ്പോകുമ്പോൾ രണ്ട് കഷണം ആയാൽ എളുപ്പത്തിൽ കൊണ്ടുപോകാം എന്ന കണക്ക് കൂട്ടലിൽ ആയിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ഇന്ന്പുലർച്ചെ 5 മണിയോടെ ആയിരുന്നു സംഭവം. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് ഒന്നാമത്തെ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തുനിന്നും 100 മീറ്റർ മാറിയാണ് റെയിലിന്റെ കഷണം ട്രാക്കിൽ കിടന്നിരുന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഗുഡ്സ് ട്രെയിൻ റെയിലിന്റെ കഷണം തട്ടിത്തെറിപ്പിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ അട്ടിമറി ശ്രമം ആണെന്ന കണക്കുകൂട്ടലിൽ ആയിരുന്നു റെയിൽവേ പൊലീസ് ഒപ്പം മോഷണ ശ്രമവും തള്ളിക്കളഞ്ഞിരുന്നില്ല. റെയിലിന്റെ കഷ്ണം ഒരു ട്രാക്കിലേക്ക് മാത്രം ചാരി വച്ചതിനാൽ ആണ് വൻ ദുരന്തം ഒഴിവായത്.. മദ്യലഹരിയിൽ ആയിരുന്നു പ്രതി കൃത്യം നടത്തിയത്.
റെയിൽ കഷണം ട്രാക്കിൽ കൊണ്ടിട്ടത് ട്രെയിൻ കയറിപ്പോകുമ്പോൾ രണ്ട് കഷണം ആയാൽ എളുപ്പത്തിൽ കൊണ്ടുപോകാം എന്ന കണക്ക് കൂട്ടലിൽ ആയിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതി ഹരി കുറച്ച് ദിവസങ്ങളായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടന്നിരുന്നത് ആർപിഎഫിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ ആർപിഎഫ് ഹരിയുടെ ഫോട്ടോയും എടുത്ത് സൂക്ഷിച്ചിരുന്നു.
ഇതാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. സംഭവം നടന്ന അധികം വൈകാതെ തന്നെ പോലീസ് ഹരിയെ പിടികൂടി ചോദ്യം ചെയ്തതോടെ പ്രതികൂറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.