കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവർന്നു. കാറിന്റെ ചില്ലുകൾ അടിച്ചു തകർത്താണ് കവർച്ച നടന്നത്. ആനക്കുഴിക്കര സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് ആനക്കുഴിക്കര സ്വദേശി പി.എം.റഹീസിന്റെ വാഗണർ കാറിൽ നിന്നാണ് 40,25,000 രൂപ കവർന്നത്. കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടതായിരുന്നു കാർ. കാറിന്റെ മുൻവശത്തെ സീറ്റിന് സമീപത്ത് കാർഡ് ബോർഡ് പെട്ടിയിലാക്കി ചാക്കിൽ കെട്ടി 40 ലക്ഷം രൂപയും ഡാഷ് ബോർഡിൽ 25000 രൂപയും സൂക്ഷിച്ചിരുന്നു. ഈ പണമാണ് കാറിന്റെ ചില തകർത്ത് കവർച്ച ചെയ്തത്.
ബൈക്കിൽ എത്തിയ രണ്ടുപേർ ചാക്ക് കിട്ടുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭാര്യ പിതാവ് സൂക്ഷിക്കാൻ കൊടുത്തതും കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് വാങ്ങിയതുമായ പണമാണ് കളവ് പോയതെന്ന മൊഴിയാണ് റഹീസ് പൊലീസിന് നൽകിയിട്ടുള്ളത്.