തൃശൂർ കഴിമ്പ്രത്ത് വൻ സ്പിരിറ്റ് വേട്ട. വാടകക്കെടുത്ത കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 7,000 ത്തോളം ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
കഴിമ്പ്രം സ്കൂളിന് സമീപം വാടകക്കെടുത്ത കെട്ടിടത്തിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. 35 ലിറ്ററിന്റെ 197 പ്ലാസ്റ്റിക് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി പരശുരാമൻ എന്നയാളെ അറസ്റ്റ് ചെയ്തു.
തളിക്കുളം സ്വദേശിയാണ് കെട്ടിടം വാടകക്കെടുത്തിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് മലപ്പുറത്തെ സ്പിരിറ്റ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്നും സ്പിരിറ്റ് കണ്ടെത്തിയത്.
ഗോവയിൽ നിന്ന് മൈദ ചാക്കിന്റെയും, വൈക്കോലിന്റെയും മറവിൽ ലോറിയിൽ കടത്തിയാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചത്. ഇവിടെ നിന്നും ചെറിയ വാഹനത്തിൽ 4 കന്നാസ് സ്പിരിറ്റ് വിതരണത്തിന് കൊണ്ടു പോകുന്നതിനിടയിലാണ് പരശുരാമൻ എക്സൈസിന്റെ പിടിയിലായത്.
പരശുരാമൻ കുറച്ചു നാളായി ചെന്ത്രാപ്പിന്നിയിലാണ് താമസിച്ചു വരുന്നത്. കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്ന സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.സുഭാഷ് പറഞ്ഞു.