എറണാകുളം വൈപ്പിന്‍ കാളമുക്കില്‍ അനധികൃതമായി പ്രവര്‍ത്തിച്ച മത്സ്യ കടകള്‍ പൊളിച്ചു നീക്കി. ഹാര്‍ബര്‍ വികസനത്തിന്റെ ഭാഗമായാണ് അനധികൃതമായി പ്രവര്‍ത്തിച്ച കടകള്‍ പൊളിച്ച് നീക്കിയത്. കടകള്‍ പൊളിക്കുന്നതിനെതിരെ കച്ചവടക്കാര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ ജെസിബി അടക്കം തടഞ്ഞാണ് പ്രതിഷേധിച്ചത്.
എറണാകുളം വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത്സ്യവിപണന കേന്ദ്രങ്ങളാണ് ഇന്ന് രാവിലെ എട്ട് മണിയോടെ പൊളിച്ച് നീക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളുമായി എത്തിയ ഉദ്യോഗസ്ഥരെ സ്ത്രീകള്‍ അടക്കമുള്ള വഴിയോര കച്ചവടക്കാര്‍ തടയുകയായിരുന്നു.
ഇതോടെ വന്‍ പൊലീസ് സംഘവും സ്ഥലത്ത് എത്തി. പൊലീസ് അനുരഞ്ചന ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ പൊലീസ് ഒരുങ്ങിയപ്പോള്‍ സ്ത്രീകള്‍ ജെസിബി തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചു.
വൈപ്പിന്‍ കാളമുക്ക് ഹാര്‍ബര്‍ വികസനത്തിനയാണ് ഗോശ്രീ ജംഗ്ഷനിലെ ജിഡാ ഭൂമിയിലെ താത്കാലികള്‍ കടകള്‍ പൊളിച്ചത്. ജിഡയുടെ ഉടമസ്ഥതയിലുള്ള 19 സെന്റ് ഭൂമിയിലെ 5 കടകളാണ് പൊളിച്ചു നീക്കിയത്. ഹാര്‍ബറിലേക്ക് വഴി ഒരുക്കുന്നതിനായിട്ടാണ് സ്റ്റാളുകള്‍ പൊളിച്ചു നീക്കുന്നത്. നിത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയിലാണ് ഇത്തരത്തിലുള്ള പൊളിക്കല്‍ തീരുമാനങ്ങളെന്ന് മത്സ്യക്കച്ചവടക്കാര്‍ പറയുന്നു.
ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം മാത്രം ഈ നടപടികലേക്ക് കടക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സ്റ്റാളുകള്‍പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടിലെന്നും ഇവിടെ നിന്ന് സ്റ്റാളുകള്‍ മാറ്റണമെങ്കില്‍ സര്‍ക്കാര്‍ ഒരു ഉപജീവനമാര്‍ഗം കണ്ടെത്തി തരാതെ ഒരടിമുന്നോട്ട് പോകില്ലെന്നും മത്സ്യക്കച്ചവടക്കാര്‍ നിലപാടെടുത്തു.
കടകള്‍ പൊളിച്ച് നീക്കിയെങ്കിലും താല്‍ക്കാലിക സംവിധാനത്തില്‍ ഇവിടെ തന്നെ മത്സ്യ വ്യാപാരം നടത്തുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. അതേസമയം, ഒരാഴ്ച്ച മുന്‍പ് സ്റ്റാളുകള്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നു എന്നാണ് ഹാര്‍ബര്‍ അധികൃതര്‍ പറയുന്നത്. ഗോശ്രീ ഐലണ്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി, എളംകുന്നപ്പുഴ പഞ്ചായത്ത്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു നടപടി.