കാത്തിരിപ്പിനന്ത്യം കുറിച്ച് ഇന്ന് നെന്മാറ വല്ലങ്ങി വേല. മീനമാസത്തിലെ ഇരുപതാം നാളിലാണ് വേല നടക്കുന്നത്. തൃശൂര്‍ പൂരത്തോളം പെരുമയുള്ളതാണ് നെന്മാറ വല്ലങ്ങി വേലയും. പാലക്കാട്ടെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ദേവതയുടെ ജന്‍മദിനമാണ് വേല ആഘോഷിക്കുന്നത്.
നെല്ലിയാമ്പതി വനത്തിന്റെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന നെന്മാറ, വല്ലങ്ങി എന്നീ ഗ്രാമങ്ങളിലായി നടക്കുന്ന വേല വേലകളുടെ വേല എന്നാണ് അറിയപ്പെടുന്നത്. മീനച്ചൂടിനെ വെല്ലുന്ന ആവേശമാണ് നെന്മാറയിലെയും വല്ലങ്ങിയിലെയും പാടശേഖരങ്ങളില്‍ നിറയുക.
മീനം ഒന്നിന് കൊടിയേറിയ കാത്തിരിപ്പ്.20 നാളുകള്‍. കേരളത്തിലെ ഏറ്റവും മികച്ച വെടിക്കെട്ടുകളിലൊന്നാണ് നെന്മാറ വലങ്ങി വേലയുടെ ഭാഗമായി നടക്കുക. നെന്‍മാറ, വല്ലങ്ങി എന്നീ ഗ്രാമങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദപരമായ പരമായ മത്സരം വെടിക്കെട്ടിലും ഇരു ദേശങ്ങളിലും നിന്നുള്ള ആനപ്പൂരങ്ങളിലും പ്രകടമായിരിക്കും.
വെടിക്കെട്ടിനു പുറമെ കുമ്മാട്ടി, കരിവേല, ആണ്ടിവേല തുടങ്ങിയ ആചാര പരമായ കലാരൂപങ്ങളും വേലയ്ക്ക് മാറ്റുകൂട്ടും. പുലര്‍ച്ചെ വാള്‍ കടയലോടെയാണ് നെന്മാറ ദേശം വേലയ്ക്ക് തുടക്കം കുറിച്ചത്.വെയിലേറുന്നതോടെ ആനപ്പൂരം പുറപ്പെടും. തിടമ്പ് പൂജയോടെയാണ് വല്ലങ്ങി ദേശത്തിന്റെ വേല ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഈടുവെടി കേട്ടുകഴിഞ്ഞാല്‍ ആന എഴുന്നള്ളത്ത് ആരംഭിക്കും.
വൈകുന്നേരത്തോടെ ഇരു ദേശങ്ങളും കൂട്ടിയെഴുന്നള്ളിപ്പുമായി കാവ് കയറും. പഞ്ചവാദ്യവും പാണ്ടിമേളവും പാലക്കാടിനെ പ്രകമ്പനം കൊള്ളിക്കും. വെയില്‍ ചാഞ്ഞ് ആറു മണി കഴിഞ്ഞ് രണ്ട് ദേശപ്പൂരങ്ങളും കാവിറങ്ങുന്നതോടെ പകല്‍ വെടിക്കെട്ട് ആരംഭിക്കും. പുലര്‍ച്ചെ മൂന്നിനായിരിക്കും രാത്രി വെടിക്കെട്ട്. വെടിക്കെട്ടും കഴിഞ്ഞ് കോലമിറക്കുന്നതോടെ ഒരു പൂരക്കാലത്തിന് കൂടി തിരശ്ശീല വീഴും.