കൊല്ലം കടയ്ക്കൽ കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ ആർഎസ്എസിൻ്റെ ഗണഗീതം പാടിയതിൽ പൊലീസ് അന്വേഷണം തുടങ്ങി. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങിയത്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും അന്വേഷണത്തിന് നിർദേശം നൽകി.
ദേവസ്വം ബോർഡ് കൊട്ടരാക്കര അസിസ്റ്റൻ്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. അതേസമയം പാടിയത് ദേശഭക്തിഗാനമെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം. ശനിയാഴ്ചയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയത്. ക്ഷേത്ര പരിസരത്ത് ആർഎസ്എസ് കൊടിതോരണം കെട്ടിയതിനെതിരെയും പരാത ഉയർന്നിരുന്നു. സ്പോൺസർമാരുടെ ആവശ്യപ്രകാരമാണ് പാട്ടുപാടിയതെന്നാണ് ഗാനമേള ടീം വ്യക്തമാക്കിയത്.