മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലം പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് സി. രാമചന്ദ്രന്‍ നായര്‍ കമ്മീഷന് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
മുനമ്പത്തുകാരുടെ ആശങ്കയ്ക്ക് പരിഹാരം കാണാന്‍ കഴിയും വിധത്തിലുള്ള ശുപാര്‍ശകള്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍, കമ്മീഷന്‍ തുടരേണ്ടത് അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിയോഗിച്ച സി.എന്‍.രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, എസ്. മനു എന്നിവരുടെ ഉത്തരവ്. അതേസമയം, കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അപ്പീല്‍ വേനലവധിക്ക് ശേഷം ജൂണ്‍ 16ന് വീണ്ടും പരിഗണിക്കും.
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമേ ഈ കാര്യത്തില്‍ ഇടപെടാന്‍ സാധിക്കൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ബെഞ്ച് കമ്മിഷന്‍ നിയമനം റദ്ദാക്കിയത്. സര്‍ക്കാര്‍ വേണ്ടത്ര പഠനം നടത്താതെയും വസ്തുതകള്‍ പരിശോധിക്കാതെയുമായിരുന്നു കമ്മിഷനെ നിയമിച്ചത് എന്നും സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ കമ്മീഷന്‍ പ്രവര്‍ത്തനം ഇന്ന് തന്നെ പുനഃരാരംഭിക്കുമെന്ന് മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മേയ് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് മാസം കമ്മീഷന്‍ പ്രവര്‍ത്തനം നിലച്ചിരുന്നു. വഖഫ് നിയമ ഭേദഗതി കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കരുതുന്നില്ല.
ഭേദഗതി നിലവില്‍ വന്നാലും ഓരോ കേസിലും കോടതിയാകും തീരുമാനമെടുക്കുകയെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. മുനമ്പത്ത് കമ്മീഷന് പ്രവര്‍ത്തനങ്ങള്‍ തുടരാമെന്ന വിധി പ്രതീക്ഷിച്ചതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം കമ്മീഷനെ സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തതാണ് സങ്കീര്‍ണതകള്‍ ഉണ്ടാക്കിയത്. സ്റ്റേ നിയമപരമായി നില്‍ക്കുന്നതല്ല. കമ്മീഷനെ വയ്ക്കാതെ തന്നെ പ്രശ്‌നം തീര്‍ക്കാമായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു.