പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരി കലാമണ്ഡലം ദേവകി ടീച്ചർ അന്തരിച്ചു.76 വയസായിരുന്നു.ഓട്ടം തുള്ളലിലെ ആദ്യ വനിത കലാകാരി എന്ന ബഹുമതിക്ക് കൂടി അര്‍ഹയാണ് ദേവകി ടീച്ചര്‍.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.തൃശ്ശൂര്‍ എരുമപ്പെട്ടി നെല്ലുവായ് സ്വദേശിയാണ്.പ്രശസ്ത മദ്ദള വിദ്വാൻ കലാമണ്ഡലം നാരായണൻ നായരുടെ പത്നികൂടിയാണ് ദേവകി ടീച്ചര്‍.
1960ൽ കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ കലയിൽ പഠനം ആരംഭിച്ച ദേവകി ടീച്ചർ ഓട്ടം തുള്ളലിലെ ആദ്യ വനിത എന്ന ബഹുമതിക്കർഹയാണ്.കേരള കലാമണ്ഡലം അവാർഡ്,കുഞ്ചൻ നമ്പ്യാർ സ്മാരക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്കും ബഹുമതികൾക്കും അർഹയായിട്ടുണ്ട്.
നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിന് സമീപമുള്ള ഭവനമായ 'സൗപർണ്ണിക' യിലാണ് താമസം.സംസ്ക്കാരം ഇന്ന് ഉച്ച തിരിഞ്ഞ് നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കും.പ്രസാദ്,പ്രസീദ എന്നിവരാണ് മക്കൾ .രാജശേഖരൻ ,കലാമണ്ഡലം സംഗീത എന്നിവർ മരുമക്കളാണ്.