കോയമ്പത്തൂര്‍: പോക്‌സോ കേസില്‍ പ്രതിയായ പാസ്റ്റര്‍ പിടിയിലായി. കോയമ്പത്തൂര്‍ കിങ്‌സ് ജനറേഷന്‍ ചര്‍ച്ചിലെ പാസ്റ്ററായ ജോണ്‍ ജെബരാജിനെയാണ് മൂന്നാറില്‍നിന്ന് കോയമ്പത്തൂര്‍ പോലീസ് പിടികൂടിയത്. ഒളിവിലായിരുന്ന പ്രതിയെ കോയമ്പത്തൂര്‍ പോലീസ് മൂന്നാറില്‍നിന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നതാണ് ജോണ്‍ ജെബരാജിനെതിരായ കേസ്.
കോയമ്പത്തൂരിലെ പ്രതിയുടെ വീട്ടില്‍വെച്ച് കഴിഞ്ഞവര്‍ഷം മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ കുട്ടികളിലൊരാള്‍ തനിക്കുണ്ടായ ദുരനുഭവം അടുത്തിടെ ബന്ധുവിനോട് വെളിപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുടുംബം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ഓള്‍ വിമന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പീഡനത്തിനിരയായ മറ്റൊരു പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്‍പാകെയും മൊഴി നല്‍കിയിട്ടുണ്ട്.കേസെടുത്തതിന് പിന്നാലെ ജോണ്‍ ജെബരാജ് കോയമ്പത്തൂരില്‍നിന്ന് മുങ്ങിയിരുന്നു.
ഇയാളെ പിടികൂടാനായി പോലീസ് വിവിധസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറില്‍ ഒളിവില്‍ കഴിയുകയായിരുന്ന ജോണിനെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.