Share this Article
കളിക്കുന്നതിനിടെ പന്തെടുക്കാൻ മതിൽ ചാടി; പോസ്റ്റിൽനിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
വെബ് ടീം
posted on 19-04-2024
1 min read
teen-loses-life-to-hidden-danger-electrocuted-while-retrieving-football

കൊല്ലം: സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാൻ മതിൽ ചാടിയിറങ്ങിയ വിദ്യാർഥി വൈദ്യുതി പോസ്റ്റിൽനിന്ന് ഷോക്കേറ്റു മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗർ സൗത്ത് ഡെയ്‌ലിൽ സാജൻ ലത്തീഫ് മുഹമ്മദിന്റെയും ഹാംലത്തിന്റെയും മകൻ എം.എസ്.അർഫാൻ (15) ആണു മരിച്ചത്.

കേരളപുരം സെന്റ് വിൻസന്റ് സ്‌കൂൾ മൈതാനിയിൽ കൂട്ടുകാരുമൊത്ത് പന്തു കളിച്ചുകൊണ്ടിരിക്കെയായിരുന്നു. കളിക്കിടെ മതിലിനു പുറത്ത് ഇടവഴിയിലേക്കു പന്ത് തെറിച്ചു വീണു. ഇത് എടുക്കാനായി ഒരു കുട്ടി മതിൽ ചാടി ഇറങ്ങി. ബോൾ കണ്ടെത്താൻ കഴിയാത്തതിനാൽ അർഫാൻ മതിലിനോട് ചേർന്നു നിന്ന വൈദ്യുതി പോസ്റ്റ് വഴി ഊർന്ന് ഇറങ്ങുമ്പോഴായിരുന്നു ഷോക്കേറ്റത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം.

തെരുവുവിളക്ക് കത്തിക്കുന്നതിനായി ക്രമീകരിച്ചിരുന്ന വയറിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം. അപകടം കണ്ട സമീപവാസി അടിയന്തര പ്രഥമശുശ്രൂഷ നൽകിയ ശേഷം കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഇതേ സ്‌കൂളിലെ എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അർഫാൻ. സംസ്കാരം ഇന്ന് 12ന് തൃക്കരുവ മുസ്‌ലിം ജുമാ അത്തിൽ. സഹോദരങ്ങൾ: ആസിഫ, ആഫിറ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories