ആലപ്പുഴ: മുസ്‌ലിം ലീഗ് ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറിൽ നിന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരൻ പിന്മാറി. ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിൽനിന്നാണ് അദ്ദേഹം പിന്മാറിയത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയായിരുന്നു സെമിനാറിന്റെ ഉദ്ഘാടകൻ.
ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്നാണ് ജി.സുധാകരൻ അറിയിച്ചിരിക്കുന്നത്. ജി.സുധാകരനോട് ചോദിച്ച ശേഷമാണ് പോസ്റ്ററിൽ പേരുവെച്ചതെന്നാണ് വിവരം. സെമിനാറിൽ പങ്കെടുക്കാൻ സുധാകരൻ എത്തുമെന്നാണ് സംഘാടകർ ഉൾപ്പെടെ കരുതിയിരുന്നത്.
നേരത്തെ ചന്ദ്രിക ദിനപത്രത്തിന്റെ ക്യാംപയിന്‍ ഉദ്ഘാടനത്തില്‍ നിന്നും ജി സുധാകരന്‍ പിന്‍മാറിയിരുന്നു.
അതേ സമയം ജി.സുധാകരൻ പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ് ഇവിടെയുണ്ടെന്ന് സെമിനാർ ഉദ്ഘാടനംചെയ്യവേ രമേശ് ചെന്നിത്തല പറഞ്ഞു.