ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയതിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പഞ്ചായത്ത് മെമ്പർ ജെയ്സൺ, ബിജു എന്നിവരാണ് മുങ്ങി മരിച്ചത്. ഫയർ ഫോഴ്സും, നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ജയ്സണും സുഹൃത്തുക്കളും ആനയിറങ്കൽ ഡാമിൽ കുളിക്കാനെത്തിയത്. എന്നാൽ ഡാം വാച്ചർ ഇവരെ കുളിക്കാൻ അനുവദിക്കാതെ മടക്കി അയച്ചു.തുടർന്ന് ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുകളെ പൂപ്പാറയിൽ ഇറക്കിയ ശേഷം ജയ്സണും ബിജുവും ആറ് മണിയോടെ വീണ്ടും ഡാമിലെത്തി. എന്നാൽ ഈ കാര‍്യം ഡാം വാച്ചറോ സുഹൃത്തുകളോ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെയോടെ തേയില തോട്ടത്തിൽ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.തുടർന്ന് ഇത് ജയ്സന്‍റെ ഫോണാണെന്ന് തിരിച്ചറിഞ്ഞു. സമീപത്ത് വാഹനവും ചെരുപ്പും വസ്ത്രങ്ങളും കണ്ടതോടെ ഇവർ ഡാമിൽ അകപ്പെട്ടുവെന്ന് സംശയിച്ച് തെരച്ചിൽ നടത്തുകയായിരുന്നു.