ബിജെപി നേതാക്കൾ വീട്ടിലെത്തിയതിൽ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എ. പദ്മകുമാർ. എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരുന്ന പ്രശ്നമില്ല. സിപിഐഎം വിടുന്ന പ്രശ്നമില്ല. സിപിഐയിലേക്ക് പോകേണ്ടിവന്നാലും ബിജെപിയിലേക്ക് പോകില്ല. ഇക്കാര്യം ബിജെപി ജില്ലാ പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ടെന്നും പദ്മകുമാർ പറഞ്ഞു.സിപിഐഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ പദ്മകുമാർ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പദ്മകുമാർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപി നേതാക്കൾ പദ്മകുമാറിൻ്റെ വീട്ടിലെത്തിയത്.ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ. സൂരജും അയിരൂർ പ്രദീപുമാണ് അദ്ദേഹത്തിന്റെ വീട്ടിൽ ചർച്ചക്കെത്തിയത്. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ചർച്ച എന്നാണ് സൂചന.
പദ്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബി.ജെ.പി പത്തനംതിട്ട ജില്ല നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്നാണ് ഇന്ന് ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് ആയിരൂർ പ്രദീപ് പറഞ്ഞത്. അതേസമയം, പദ്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ ഒട്ടേറെ ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ടെന്നാണ് ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞത്.