മലപ്പുറത്ത് കാറപകടത്തിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ഉദിനിക്കര റോഡില്‍ താമസിക്കുന്ന മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറു ബിന്‍ത് ജാബിര്‍ ആണ് മരിച്ചത്.
സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മഠത്തില്‍ വീട്ടില്‍ ഷാഹിറിന്റെ മകള്‍ ആലിയയെ (5) കോട്ടക്കല്‍ മിംസ് ആശുപത്രിയിലും സിത്താര (46) സുബൈദ (61) എന്നിവരെ എടപ്പാള്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലിയയുടെ ആരോഗ്യനില നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. വീടിന് മുന്നിലുള്ള പത്തടിയോളം വീതിയുള്ള റോഡിലാണ് കാര്‍ നിര്‍ത്തിയിരുന്നത്. ജാബിറിന്റെ ബന്ധുവായ യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്.
പ്രായമായ ഉമ്മയെ കയറ്റാന്‍ കാര്‍ പിറകിലേക്കെടുക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണംവിട്ട കാര്‍ സമീപത്തുനിൽക്കുകയായിരുന്നവരെ ഇടിച്ചിട്ട് മതിലും തകര്‍ത്തുനീങ്ങി. ഇതോടെ അംറു അടക്കമുള്ളവര്‍ കാറിനും മതിലിനും ഇടയില്‍പെടുകയായിരുന്നു. കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍തന്നെ ഇതേകാറില്‍ എടപ്പാള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അംറുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റിരുന്ന ആലിയയെ ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ബന്ധുക്കളെല്ലാം വെള്ളിയാഴ്ച ഇവിടേക്കെത്തിയത്. സല്‍ക്കാരമെല്ലാം കഴിഞ്ഞ് മടങ്ങാനൊരുങ്ങവെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദില്‍ കബറടക്കും.