കോട്ടയം: കഞ്ചാവ് ലഹരിയിൽ അശ്രദ്ധമായി അഞ്ച് കിലോമീറ്ററോളം വാഹനമോടിച്ച് ഭീതി പരത്തിയ യുവാവും യുവതിയും കസ്റ്റഡിയിൽ. കോട്ടയം ചിങ്ങവനത്താണ് സംഭവം. നിരവധി വാഹനങ്ങളിൽ ഇടിച്ചശേഷം നിർത്താതെ പോയ ഇവരുടെ കാർ, പൊലീസ് ക്രെയിൻ റോഡിനു കുറുകെ നിർത്തിയാണ് പിടികൂടിയത്. അശ്രദ്ധമായ ഡ്രൈവിങ്ങിനും ലഹരി ഉപയോഗത്തിനും ഇവർക്കെതിരെ കേസെടുക്കും.
എംസി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ ഏതാണ്ട് അഞ്ച് കിലോമീറ്ററോളം ദൂരമാണ് ഇവർ അതീവ അപകടകരമായി വാഹനമോടിച്ചത്. അശ്രദ്ധമായ ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ചിങ്ങവനം പൊലീസ്, പൊലീസ് സ്റ്റേഷനു സമീപം റോഡിൽ ക്രെയിൻ കുറുകെയിട്ട് കാർ തടഞ്ഞാണ് ഇവരെ പിടികൂടിയത്.
പൊലീസ് വാഹനം തടഞ്ഞശേഷം കാറില്‍നിന്നും ഇറങ്ങാന്‍ ഇരുവരും തയ്യാറായില്ല. പൊലീസുകാരനെ യുവാവ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന ബലം പ്രയോഗിച്ചാണ് യുവാവിനെ കാറില്‍നിന്ന് വലിച്ചിറക്കി പൊലീസ് ജീപ്പിലേക്ക് മാറ്റിയത്.ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് നിലവില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. കാറിനുള്ളില്‍ വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.