കോട്ടയം: ഉടൻ നടക്കാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസിന്റെ (എം) സീറ്റായ ഇവിടെ സിറ്റിങ് എംപി തോമസ് ചാഴികാടൻ (71) തന്നെ ഇത്തവണയും മത്സരിക്കും. കേരള കോൺഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ.മാണിയാണ് കോട്ടയത്ത് പ്രഖ്യാപനം നടത്തിയത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിൽ ഒരു പ്രധാന മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. കോട്ടയം സീറ്റിൽ തോമസ് ചാഴികാടൻ തന്നെയാകും മത്സരിക്കുകയെന്ന സൂചനകൾ ശക്തമായിരുന്നു.
കേരള കോൺഗ്രസ് (എം) നേതൃയോഗങ്ങൾ അടിയന്തരമായി വിളിച്ചു ചേർത്താണ് തോമസ് ചാഴികാടന്റെ പേര് പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയും സെക്രട്ടേറിയറ്റും ചേർന്ന് സ്ഥാനാർഥിയെ തീരുമാനിക്കാൻ പാർട്ടി തലവനെന്ന നിലയിൽ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് തോമസ് ചാഴികാടനെ വീണ്ടും സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
2019ൽ ഇതേ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ചാഴികാടൻ, അതിനുശേഷം കേരള കോൺഗ്രസ് മുന്നണി മാറിയതോടെയാണ് ഇക്കുറി എൽഡിഎഫ് സ്ഥാനാർഥിയാകുന്നത്. ഇന്നത്തെ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനായിരുന്നു അന്ന് എൽഡിഎഫ് സ്ഥാനാർഥി. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോമസ് ചാഴികാടൻ ജയിച്ചുകയറിയത്.
1991 മുതൽ പാർലമെന്ററി രംഗത്ത് സജീവമാണ് എഴുപത്തൊന്നുകാരനായ തോമസ് ചാഴികാടൻ. സഹോദരൻ ബാബു ചാഴികാടന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് തോമസ് ചാഴികാടൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. പിന്നീട് തുടർച്ചയായി 20 വർഷത്തോളം നിയമസഭയിൽ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ചു. 1991, 1996, 2001, 2006 തിരഞ്ഞെടുപ്പുകളിലാണ് നിയമസഭയിലേക്കു വിജയിച്ചത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോൽവി വഴങ്ങിയ ചാഴികാടൻ, 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംപിയായി.