കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു. പ്രഥമ പരിഗണന നല്‍കിയ ഓട്ടോറിക്ഷ ചിഹ്നം തന്നെ യുഡിഎഫിന് അനുവദിക്കുകയായിരുന്നു. രണ്ടിലയോട് ഓട്ടോറിക്ഷ ഏറ്റുമുട്ടും.
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേരത്തെ മത്സരിച്ച ട്രാക്ടര്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ഓട്ടോറിഷ ചിഹ്നത്തിനായി അനുമതി തേടിയത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകൃത പാര്‍ട്ടിയല്ലാത്തതിനാല്‍ സ്വതന്ത്രര്‍ക്ക് ചിഹ്നം അനുവദിക്കുന്ന ഘട്ടംവരെ കാത്തിരുന്ന ശേഷമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചിഹ്നമായത്.
തുടര്‍ച്ചയായി ഒരേ ചിഹ്നത്തില്‍ എന്നുപറഞ്ഞാണ് തോമസ് ചാഴികാടനുവേണ്ടി മുന്നണി വോട്ടുതേടുന്നത്. രണ്ടിലയാണ് പാര്‍ട്ടി ചിഹ്നം. തോമസ് ചാഴികാടന്‍ ഏറ്റുമാനൂരില്‍നിന്ന് എം.എല്‍.എ. ആയതും കോട്ടയത്തുനിന്ന് എം.പി.യായതും രണ്ടിലയിലാണ് എന്നതാണ് അവരുടെ പ്രചാരണത്തിന്റെ മുദ്ര. ഇതില്‍ ഒരിക്കല്‍ അവസാനിപ്പിച്ച ചിഹ്നയുദ്ധത്തിന്റെ ഒളിയമ്പുകളും അവര്‍ കരുതിവെക്കുന്നു.