Share this Article
image
റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് അരുംകൊല; യുവാവും ജീവനൊടുക്കി; കൊലയ്ക്കു പിന്നിൽ പ്രണയനൈരാശ്യം?
വെബ് ടീം
posted on 14-04-2024
1 min read
woman-killed-accused-commits-suicide

പാലക്കാട്: പട്ടാമ്പിയില്‍ യുവതിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവിന്റെ ആത്മഹത്യ. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ പി പ്രവിയയുടെ (30) മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്. കൃത്യത്തിന് ശേഷം പ്രവിയയുടെ സുഹൃത്ത് തൃത്താല ആലൂര്‍ സ്വദേശി സന്തോഷ് വീട്ടില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇന്ന് രാവിലെയാണ് സംഭവം. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് മരിച്ച പ്രവിയ. പ്രവിയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കത്തിയ നിലയിലാണ്. ജോലിക്കായി വരുന്ന സമയത്ത് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തിയ ശേഷം ഇന്ധനം ഉപയോഗിച്ച് കത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു

പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സന്തോഷ് യുവതിയെ ആക്രമിച്ചതെന്ന് കരുതുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം വീട്ടില്‍ പോയി ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ ഗുരുതരാവസ്ഥയില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു..

പ്രവിയയെ കൊലപ്പെടുത്തിയ തൃത്താല ആലൂർ മൂലടിയിൽ സന്തോഷ് (45), യുവതി മുൻപ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് പ്രവിയയ്ക്കു വേറെ വിവാഹം ഉറപ്പിച്ചതാണു സന്തോഷിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നുമാണു വിവരം.പ്രവിയ നേരത്തേ വിവാഹിതയായിരുന്നെങ്കിലും ഈ ബന്ധം ഒഴിവായിരുന്നു. ആദ്യ വിവാഹത്തിൽ പ്രവിയയ്ക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് സന്തോഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും അടുപ്പത്തിലായി. ഈ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണു വിവരം. സന്തോഷും രണ്ടു കുട്ടികളുടെ പിതാവാണ്.ആറു മാസം മുൻപ് സന്തോഷിന്റെ കടയിലെ ജോലി പ്രവിയ മതിയാക്കിയിരുന്നു. പിന്നീട് പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയായി ജോലിക്കു കയറി. ഇതിനിടെയാണു പ്രവിയയ്ക്കു വേറെ വിവാഹം നിശ്ചയിച്ചത്. ഈ മാസം വിവാഹം നടക്കാനിരിക്കെയാണു പ്രവിയ സന്തോഷിന്റെ ക്രൂരതയ്ക്ക് ഇരയായത്.

ഇന്നു രാവിലെ പതിവുപോലെ സ്കൂട്ടറിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്കു ജോലിക്കായി പുറപ്പെട്ട പ്രവിയയെ, വഴിക്കുവച്ച് സന്തോഷ് തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണു പൊലീസിന്റെ നിഗമനം. സ്കൂട്ടർ തടഞ്ഞ് പ്രവിയയെ കുത്തിവീഴ്ത്തുകയും തുടർന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തെന്നാണ് അനുമാനം. പ്രവിയയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രവിയയുടെ മരണവുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് സന്തോഷിനെ ഒരു ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories