Share this Article
വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി ബിജെപിയില്‍; 'രാഹുലിന് കൈ കൊടുക്കാന്‍ പോലും മണിക്കൂറുകള്‍ കാത്തിരിക്കണമെന്ന് സുധാകരൻ
വെബ് ടീം
posted on 20-04-2024
1 min read
wayanad-dcc-general-secretary-join-in-bjp

കല്‍പ്പറ്റ: വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. അവഗണന മൂലമാണ് രാജിവയ്ക്കുന്നതെന്നും ജില്ലാ നേതാക്കള്‍ക്കും പഞ്ചായത്ത് പ്രസിഡന്റിന് പോലും രാഹുല്‍ ഗാന്ധി അപ്രാപ്യനാണെന്നും സുധാകരന്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിട്ടാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും ഈ കാലഘട്ടത്തിന് അനുയോജ്യമായ പാര്‍ട്ടിയാണ് ബിജെപിയെന്നും സുധാകരന്‍ പറഞ്ഞു.

ജില്ലാ നേതാക്കള്‍ക്കും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും പോലും അപ്രാപ്യനാണ് രാഹുല്‍. വയനാട്ടില്‍ വരുമ്പോള്‍ കൈകൊടുക്കാന്‍ വേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നത് രാഷ്ട്രീയ ഗതികേടാണെന്നും സുധാകരന്‍ പറഞ്ഞു. പഞ്ചായത്തുപ്രസിഡന്റുമാര്‍ക്ക് അദ്ദേഹത്തിനൊപ്പം ഫോട്ടോ പോലും എടുക്കാനാകുന്ന സാഹചര്യമില്ലെന്നും സാധാരണക്കാരുമായി സംവദിക്കാന്‍ രാഹുലിന് കഴിയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

അഞ്ചുവര്‍ഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിച്ചു പോകും. അമേഠിയില്‍ മത്സരിക്കില്ലെന്ന് വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കാന്‍ രാഹുല്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.നരേന്ദ്രമോദിയുടെ വികസനം വയനാട്ടിലുമെത്താന്‍ കെ സുരേന്ദ്രന്‍ വിജയിക്കണം. സുരേന്ദ്രനെ വിജയിപ്പിക്കാന്‍ പോരാടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വയനാട്ടുകാര്‍ വിജയിപ്പിച്ചാല്‍ അതിന്റെ നേട്ടം വയനാടിനായിരിക്കുമെന്നും പിഎം സുധാകരന്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories