ബാവലിപ്പുഴയോരത്ത് നീരൊഴുകുന്ന പ്രദക്ഷിണ വഴിയായി തിരുവഞ്ചിറ മാത്രമല്ല മഴ അനുഗ്രഹം ചൊരിഞ്ഞെത്തുന്ന കൊട്ടിയൂരിലെ അതിശയങ്ങൾ. മഴയും പ്രകൃതിയും ഒരുമിക്കുന്ന ഉത്സവമാണ് കൊട്ടിയൂര്‍ വൈശാഖമഹോത്സവം.
ദക്ഷിണകാശി എന്നറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് തയ്യാറെടുക്കുകയാണ്. ഉത്സവത്തിന്റെ പ്രാക്കൂഴം ചടങ്ങാണ് വ്യാഴാഴ്ച നടക്കുന്നത്.
28 ദിവസം നീളുന്ന കൊട്ടിയൂര്‍ ഉത്സവം ഐതിഹ്യപ്പെരുമ കൊണ്ടും ആചാരപ്പെരുമ കൊണ്ടും കേരളത്തിലെ മറ്റ് ക്ഷേത്രോത്സവങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കും. ഇക്കരെ കൊട്ടിയൂര്‍ എന്ന നിത്യപൂജയുള്ള ക്ഷേത്രവും വര്‍ഷത്തില്‍ ഉത്സവത്തിന് മാത്രം തുറക്കുന്ന അക്കരെ കൊട്ടിയൂര്‍ എന്ന കാനന ക്ഷേത്രവും. മഴക്കാലത്ത് മാത്രം നടക്കുന്ന ഉത്സവം, മഴയില്ലെങ്കില്‍ മഴ അനുഗ്രഹം ചൊരിഞ്ഞെത്തുന്ന കൊട്ടിയൂര്‍.
ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. ബാവലിപ്പുഴയോരത്തുള്ള കാനനക്ഷേത്രമാണ് കൊട്ടിയൂര്‍. മണിത്തറയിലെ സ്വയംഭൂ ശിവലിംഗവും വെള്ളത്തിലും കരയിലും ഉണ്ടാക്കിയ പര്‍ണശാലകളും ഒരു മഹായാഗത്തിന്റെ ഓര്‍മ പേറുന്നതാണ്.
ബാവലിപ്പുഴയുടെ കിഴക്കുഭാഗത്തുനിന്നെത്തുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലം വച്ച് പടിഞ്ഞാറോട്ട് ഒഴുകി ബാവലിയില്‍ ചേരും. പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന അപൂര്‍വത കൂടി കൊട്ടിയൂര്‍ ഉത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.
ബാവലിപ്പുഴയിലെ കല്ലുകള്‍ കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ഒപ്പം 34 പര്‍ണശാലകളും ദേവി സാന്നിധ്യമുള്ള അമ്മാറക്കല്ലും.
ശങ്കരാചാര്യരാണ് ക്ഷേത്രത്തിന്റെ ഉത്സവച്ചടങ്ങുകള്‍ ഏകീകരിച്ചതെന്നാണ് വിശ്വാസം. മേട മാസത്തിലെ വിശാഖം നാളിലാണ് ഉത്സവത്തിന്റെ പ്രാക്കൂഴം ചടങ്ങ് ആരംഭിക്കുക. ഉത്സവത്തിന്റെ കൂടിയാലോചന ചടങ്ങാണ് പ്രാക്കൂഴം.
മെയ് 16 നാണ് നീരെഴുന്നള്ളത്ത് ചടങ്ങ്. കൂവയിലയില്‍ ശേഖരിച്ച തീര്‍ത്ഥം അക്കരെ കൊട്ടിയൂരിലെ സ്വയംഭൂ ശിവന് അര്‍പ്പിക്കുന്ന ചടങ്ങോടെ കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് തുടക്കമാകും. 21ന് നടക്കുന്ന നെയ്യാട്ടത്തോടെ പ്രധാന ഉത്സവത്തിന് തുടക്കമാകും.
നെയ്യാട്ടത്തിന് ശേഷമാണ് സ്ത്രീകള്‍ക്ക് പ്രവേശനമുള്ളു. എന്നാല്‍ ബ്രാഹ്‌മണസ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രം കൂടിയാണ് അക്കരെ കൊട്ടിയൂര്‍. ഒപ്പം രാജകുലത്തിലുള്ളവര്‍ക്കും ഈ കാനനക്ഷേത്രം നിഷിദ്ധമാണ്.
നെയ്യാട്ടത്തിന് ശേഷം ഇളനീരാട്ടം.സ്വയംഭൂ ശിവലിംഗത്തിന് മേല്‍ ആയിരക്കണക്കിന് ഇളനീര്‍ അഭിഷേകം ചെയ്യും. കോപാകുലനായ ശിവനെ തണുപ്പിക്കാനാണ് ഇളനീരാട്ടം.
ജൂണ്‍ ആറിനാണ് രോഹിണി ആരാധന. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ആലിംഗനപുഷ്പാഞ്ജലി നടക്കുന്നത് രോഹിണി ആരാധനയിലാണ്. സതി നഷ്ടമായ ശിവനെ സാന്ത്വനിപ്പിക്കാന്‍ ബ്രഹ്‌മാവ് ആലിംഗനം ചെയ്തതിനാലാണ് ഇന്നും ആലിംഗനപുഷ്പാഞ്ജലി നടക്കുന്നത്. മകം നാള്‍ മുതല്‍ സ്ത്രീകള്‍ക്ക് കൊട്ടിയൂരിലേക്ക് പ്രവേശനമില്ല.
മകംനാളിലെ കലംവരവോടെ പിന്നീട് മൂന്ന് ദിവസം ഗൂഡപൂജകള്‍ നടക്കും. ദേവപൂജയും മനുഷ്യ പൂജയും കഴിഞ്ഞാല്‍ ഭൂതഗണങ്ങളുടെ പൂജയാണ്. ജൂണ്‍ 17ന് തൃക്കലാശാട്ടം, പൂജ പൂര്‍ത്തിയാകാത്ത കൊട്ടിയൂരില്‍ തൃക്കലാശാട്ടത്തോടെ ഉത്സവം സമാപിക്കും.
ബാക്കിയായ പൂജയില്‍ നിന്നാണ് ഓരോ കൊട്ടിയൂര്‍ കാലവും തുടങ്ങുന്നത്. അടുത്ത ഉത്സവകാലം വരെ അക്കരെ കൊട്ടിയൂര്‍ മനുഷ്യസാന്നിധ്യമില്ലാത്ത കാനന ഭൂമിയായി ശേഷിക്കും. സതി നഷ്ടമായ ശൈവസങ്കല്‍പ്പവും പേറി... ഓടത്തണ്ടിലുണ്ടാക്കുന്ന അത്യപൂര്‍വമായ ഓടപ്പുവുമായി ഭക്തര്‍ മടങ്ങും, മഴ അനുഗ്രഹം ചൊരിയുന്ന മറ്റൊരു കൊട്ടിയൂര്‍ ഉത്സവകാലത്തിനായി.
കൊട്ടിയൂർ വൈശാഖ മഹോത്സവം 2024 പ്രധാന ചടങ്ങുകൾ
ഏപ്രിൽ 25 വ്യാഴാഴ്ച - പ്രക്കൂഴം
മേയ് 16 വ്യാഴാഴ്ച നീരെഴുന്നള്ളത്ത്
മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടം
മേയ് 22 ബുധനാഴ്ച ഭണ്ഡാരം എഴുന്നള്ളത്
മേയ് 29 ബുധനാഴ്ച തിരുവോണം ആരാധന, ഇളനീർവെയ്പ്പ്
മേയ് 30 വ്യാഴാഴ്ച ഇളനീരാട്ടം അഷ്ടമ ആരാധന
ജൂൺ 2 ഞായർ രേവതി ആരാധന
ജൂൺ 6 വ്യാഴാഴ്ച രോഹിണി ആരാധന
ജൂൺ 8 ശനിയാഴ്ച തിരുവാതിര ചതുശ്ശതം
ജൂൺ 9 ഞായറാഴ്ച പുണർതം ചതുശ്ശതം
ജൂൺ 11 ചൊവ്വാഴ്ച ആയില്യം ചതുശ്ശതം
ജൂൺ 13 വ്യാഴാഴ്ച മകം കലംവരവ്
ജൂൺ 16 ഞായറാഴ്ച അത്തം ചതുശ്ശതം ,വാളാട്ടം കലശപൂജ
ജൂൺ 17 തിങ്കളാഴ്ച തൃക്കലശാട്ട്