ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനുമിടയില്‍ വരുന്ന പ്രദേശങ്ങള്‍ സന്ധ്യ മയങ്ങിയാല്‍ പിന്നെ സാമൂഹിക വിരുദ്ധരുടെ താവളമാണ്. സൂര്യന്‍ അസ്തമിച്ചാല്‍ ഈ വഴികളിലൂടെ കാല്‍നട യാത്രപോലും അസാധ്യം.
ആശുപത്രി പരിസരം മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ഭാഗങ്ങളില്‍ ലഹരി വില്‍പ്പന പരസ്യമായി നടക്കുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ തമ്പടിക്കുന്ന പെണ്‍വാണിഭ സംഘങ്ങളുടെ മറവിലാണ് ലഹരി ഒഴുക്കല്‍.
വിദ്യാര്‍ത്ഥികള്‍ മുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വരെ ഈ പ്രദേശങ്ങളില്‍ കൂട്ടമായെത്തുന്നു. പൊതുജനത്തിന് ഇതുവഴി കാല്‍നടയായി പോലും സഞ്ചരിക്കാന്‍ പറ്റാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
ആലുവ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും സന്ധ്യയ്ക്ക് ശേഷം എത്തുന്ന സ്ത്രീ യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. സാമൂഹിക വിരുദ്ധ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും അഴിഞ്ഞാട്ടം, കണ്ണു തുറക്കാത്ത വൈദ്യുതി വിളക്കുകള്‍, ആളില്ലാത്ത പൊലീസ് എയ്ഡ് പോസ്റ്റ് ഇതെല്ലാമാണ് ആലുവ നഗരത്തിന്റെ വിശേഷണങ്ങള്‍. റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്തിന് തൊട്ട് മുന്നില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാഡിനുള്ളിലും റെയില്‍വേ സ്റ്റേഷന് മുന്‍ ഭാഗത്തും സാന്നിധ്യം അറിയിക്കാന്‍ പൊലീസ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ഈ വാഹനങ്ങളില്‍ ഉണ്ടാകാറില്ല. അടിയന്തരമായി വഴിവിളക്കുകള്‍ പ്രകാശിപ്പിക്കണമെന്നും പൊലീസിന്റെ പരിശോധന കര്‍ശനമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.