Share this Article
Union Budget
രേഷ്മ രണ്ട് മാസം ഗര്‍ഭിണി'; 'മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
വെബ് ടീം
posted on 11-04-2025
1 min read
reshma

 ഇടുക്കി: ഉപ്പുതറയില്‍ ജീവനൊടുക്കിയ നാലംഗ കുടുംബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നാല് പേരുടേയും തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച രേഷ്മ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ഇന്നലെ വൈകിട്ടാണ് ഉപ്പുതറ 9 ഏക്കറില്‍ സജീവ്, ഭാര്യ രേഷ്മ, മക്കളായ ദേവന്‍, ദിയ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തെ പുറത്തുകാണാതായതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നാല് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ സാമ്പത്തിക ബാധ്യതമൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്ന വിവരം പുറത്തുവന്നു. സജീവിന്റെ പിതാവ് മോഹനനും ഇത് സ്ഥിരീകരിച്ചു. വാഹന വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാന്‍സ് കമ്പനി സജീവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറഞ്ഞിരുന്നു.

ഓട്ടോറിക്ഷ വാങ്ങുന്നതിനായാണ് സജീവ് പണം വായ്പയ്ക്കെടുത്തത്. രണ്ട് മാസത്തെ തവണ അടയ്ക്കുന്നതില്‍ മുടക്കം സംഭവിച്ചു. ഇതിന് പിന്നാലെ സ്ഥാപനത്തില്‍ നിന്ന് സജീവിനെയും തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തി. വീട് വിറ്റ് പണം നല്‍കാമെന്ന് പറഞ്ഞതാണ്. എന്നാല്‍ ഏജന്റ് അസഭ്യവാക്കുകള്‍ വിളിക്കുകയാണ് ചെയ്തതെന്നും പിതാവ് പറഞ്ഞു. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇടുക്കി എസ്പി ടി കെ വിഷ്ണു പ്രദീപും പറഞ്ഞിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട സമ്മര്‍ദം സജീവിന് ഉണ്ടായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കിയിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories